Pages

Saturday, December 16, 2017

അടിച്ചമര്‍ത്തല്‍


അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ
ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേര്‍ത്ത്
അവള്‍ കഴുത്തു നീട്ടിക്കൊടുത്തു.

മാസമുറകളില്‍
അടിവയറ്റിലെ
പുളയുന്ന വേദനയെ കടിച്ചമര്‍ത്താന്‍
ഇത്ര പ്രയാസമുണ്ടായില്ല.

പാടില്ലെന്ന് അന്ത്യശാസനം നല്‍കിയിട്ടും
ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം
ആരോ മറുപടി നല്‍കികൊണ്ടിരുന്നു.

അകലെ നിക്കുമ്പോള്‍ ക്രൂരമായി
തോന്നിയവരൊക്കെയും
നിശ്ബ്ദതയുടെ സന്തോഷം

ആഘോഷിച്ചിരുന്നു

ഡിസംബര്‍ വീണ്ടും വിളിക്കുന്നു

ശൈത്യ കാല രാത്രികളില്‍
മഞ്ഞുകണമായി
നനവു പടര്‍ത്തി
കോണ്‍ക്രീറ്റു കാടുകളിലൂടെ
ഒഴുകി നടന്നു.

തനിയാവര്‍ത്തനങ്ങളുടെ
നിസ്സഹായതയില്‍
കോര്‍ണിഷ് കടലോരത്ത്
മേഘങ്ങള്‍ പാറിനടന്നു
പെയ്തൊഴിനാവാതെ.


ഡിസംബര്‍ പിന്നിടുകയാണ്
ആയുസ്സിലെ ഒരേടുകൂടി
അടര്‍ത്തിയെടുത്ത്.

നിന്‍റെ തുറന്നിട്ട വാഹനത്തിലെ
യാത്രക്കാരനായി ഒരിക്കല്‍ കൂടി
വാനിലേക്കുയര്‍ന്ന് പിന്നോട്ട് തിരിഞ്ഞ്
പറന്നുയരാനായെങ്കില്‍

ഏകാന്തമായി ഹൃദയം യാചിക്കുകയാണ്
ചില നിമിഷങ്ങളെങ്കിലും
വേദനകള്‍ അറിയാതെ
ഒന്ന് മറന്ന് പോയിരുന്നെങ്കില്‍..



Tuesday, December 12, 2017

മണ്ണായിരുന്നെങ്കില്‍

അവസാനത്തെ ജാലകവും അടച്ചു
ഇണക്കുരുവികളുടെ ചാരത്തേക്ക്
എല്ലാവരും പറന്നു.
നീ മാത്രമായി
മരുഭൂമിയിലെ കോണ്‍ക്രീറ്റ് കാടില്‍
കൂടില്ലാത്ത കിളിയായി
പറന്നുപോകേണ്ട വഴിയറിയാതെ
ഞെട്ടറ്റുപോയ ചിറകുമായി
അലസമായങ്ങനെ
ജലാശയത്തെ നോക്കി…


മണ്ണായിരുന്നെങ്കില്‍
മരിച്ച് ജീവിക്കാതെ
സ്വസ്ഥമായി അലിയാമായിരുന്നു
എവിടെയെങ്കിലും.

അപ്പൂപ്പന്‍താടി പോലെ
ഭാരമാവാതെ മെല്ലെ
എവിടേക്കോ പറന്ന്
വീഴാമായിരുന്നു.



Tuesday, December 5, 2017

അഭയം


നീയുണ്ടാകുമ്പോള്‍
എന്തിനാണ്
അഭയം തേടി വേറെ അലയുന്നത്?

ശയനത്തിന് മാടി വിളിക്കുമ്പോഴും
എങ്ങോ കാത്തിരിക്കുന്ന
അനന്തശയനത്തെ
സ്വപ്നം കണ്ട് രാവ് പകലാക്കി.
വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും
നിന്നെയോര്‍ക്കുമ്പോള്‍
അടിതെറ്റാതെയുറച്ച് കാലുകള്‍.
കാണാനായില്ലെങ്കിലും
കണ്ണുറവയുടെ തുള്ളികളില്‍
ഉപ്പു പുരട്ടിയത് നീയല്ലാതെ
വേറെയാരാണ്?

നീയുണ്ടാകുമ്പോള്‍
ഈ ചന്ദ്രനെന്ത്
നിലാവാണ്.

വരില്ലെന്നറിയുന്ന
വാഹനത്തിനായി
നീയുണ്ടാകുമ്പോള്‍
നാം കാത്തിരിക്കുന്നു.

പുഴയില്‍
നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.
അലക്ഷ്യമായി.
തുഴയാത്ത കാലത്തോളം
പുഴ തോണിയെ അക്കരെയത്തിക്കില്ല.


Monday, December 4, 2017

വസിയ്യത്ത്...

പ്രിയേ...
നിന്നെ അറിയിച്ചിട്ടില്ല,
ഫോണില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്
നിന്‍റെ നാദം.
ഒന്നിനുമല്ല,
അന്ത്യ ശ്വാസം വലിക്കവെ
കലിമയോടൊപ്പം ചെവിയില്‍
മന്ത്രമായി
അതു കൂടി പ്ലെ ചെയ്യണേ..

നീയറിഞ്ഞിട്ടുണ്ടാകില്ല
ബാഗിലെ ഉള്ളറയില്‍ സൂക്ഷിച്ച
നീ ചവിട്ടി പോയ ഒരു പിടി മണ്ണ്,
മിന്‍ഹാ ഹലക്കിനാക്ക് ചൊല്ലി
ഇടതു നെഞ്ചിലേക്കെറിയുമ്പോള്‍
ആദ്യ പിടിയില്‍ അതുണ്ടാവണേ..

പറ്റിച്ചതായിരുന്നില്ല,
ഒരുമിച്ച് ഇഹ്റാം ചെയ്യുന്ന
സ്വപ്നം കണ്ട്
വാങ്ങിയ വെള്ളത്തുണി
അലമാരയുടെ ഉള്ളറയിലുണ്ട്.
പൊതിയുന്ന മൂന്ന് കഷ്ണത്തില്‍
അത് കൂടി ഉള്‍പ്പെടുത്തണേ...


Sunday, December 3, 2017

ഭൂമിയിലെ അവസാന ദിനം



ആ ദിവസമെന്നാവും?

അന്ന് നീ വന്ന്
നനുത്ത മേനിയില്‍
നെറ്റിയില്‍ മെല്ലെ
ഉമ്മ വെക്കും,
ഇതുവരെ തരാന്‍ കഴിയാതെ പോയത്.

അന്നു നീ
എന്‍റെ ചെവിയില്‍ പറയില്ലേ..
ഞാനിത്ര കാലം കേള്‍ക്കാന്‍ കൊതിച്ചത് .

അന്നെങ്കിലും
എനിക്കായി
പൊഴിക്കാന്‍ രണ്ടിറ്റെങ്കിലുമുണ്ടാകില്ലേ..
നിന്‍റെ കണ്ണില്‍,
ഞാനിത്രകാലം പൊഴിച്ചതിന് പകരമല്ലെങ്കിലും.

ആ ദിവസമെന്നാവും ?
അന്ന് നീ യാത്രപോകും
നമ്മുടെ
ഫ്ളാഷ് ബാക്ക് ലോകത്തേക്ക്
ബ്ലാക്ക് ആന്‍റ് വൈറ്റ്
ചിത്രങ്ങള്‍ എവിടെയൊക്കെയോ
തെളിയും

ആ ദിവസം എന്നാകും?
അടക്കം ചെയ്ത രാത്രി
വീട്ടിലെ സായാഹ്ന ചര്‍ച്ചയില്‍
ഞാനൊരു വിഷയമായിവരാതിരിക്കില്ല-അവര്‍ക്ക്,
"എന്തായിരുന്നാലും …..അവന്‍ ആളൊരു…"
പിന്നെല്ലാവരും മൗനത്തിലാവും.

എനിക്കറിയാം
അന്ന് നീ പ്രാര്‍ഥിക്കും
ആദ്യത്തേയും അവസാനത്തെയും
പ്രാര്‍ത്ഥന നൂലാല്‍ ബന്ധം.

ആ ദിവസമെന്നാകും?
കാരണങ്ങളുണ്ടാകാത്ത
ഭൂമിയിലെ
ആദ്യത്തെയും അവസാനത്തെയും ദിവസം.
അന്നത്തെ വസന്തത്തില്‍
ഒരു പുഷ്പമെന്‍ കുടീരത്തില്‍
വെക്കാന്‍ ബുദ്ധിമുട്ടാവില്ലല്ലോ..

നീ വരാഞ്ഞതിലല്ല പ്രിയേ,
പോകുന്നതില്‍ മാത്രമായിരുന്നു  പരാതി
കാത്തിരിക്കുന്നു.
ആ ദിവസം എന്നാകും ?

ഡിസംബര്‍

ശൈത്യ കാല രാത്രികളില്‍
മഞ്ഞുകണമായി
നനവു പടര്‍ത്തി
കോണ്‍ക്രീറ്റു കാടുകളിലൂടെ
ഒഴുകി നടന്നു.

തനിയാവര്‍ത്തനങ്ങളുടെ
നിസ്സഹായതയില്‍
കോര്‍ണിഷ് കടലോരത്ത്
മേഘങ്ങള്‍ പാറിനടന്നു
പെയ്തൊഴിനാവാതെ.


ഡിസംബര്‍ പിന്നിടുകയാണ്
ആയുസ്സിലെ ഒരേടുകൂടി
അടര്‍ത്തിയെടുത്ത്.

നിന്‍റെ തുറന്നിട്ട വാഹനത്തിലെ
യാത്രക്കാരനായി ഒരിക്കല്‍ കൂടി
വാനിലേക്കുയര്‍ന്ന് പിന്നോട്ട് തിരിഞ്ഞ്

പറന്നുയരാനായെങ്കില്‍

ഡിസംബര്‍ 2

3-12-17
3 am
അങ്ങിനെ വീണ്ടും ഒരു ഡിസംബര്‍ രണ്ടു കൂടി കടന്നുപോയി. സമയമിപ്പോള്‍ പുലര്‍ച്ചെ 3 മണിയാവാറായിരിക്കുന്നു.അടുത്തിടെയായി 3 am thoughts ആണ് കടന്നുവരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ രണ്ടിന് കോണ്‍ണിഷിലെ തീരത്തോടു ചേര്‍ന്നുള്ള കല്‍മുകളിലിരുന്ന് സ്വപ്നങ്ങള്‍ കാണുകയായിരുന്നു.
ഒറ്റക്ക്.
ഇത്തവണ പക്ഷെ ഒറ്റക്ക് പോകാന്‍ കൂട്ടുകാര്‍ വിട്ടില്ല.എങ്കിലും ആ കല്‍ തറകളിലൂടെ നടന്നു.കടല്‍ ഭിത്തിയിലൊന്നിലിരുന്ന് കഴിഞ്ഞ വര്‍ഷത്തെ ഡിസംബറിനെ ഓര്‍ത്തു.
അഞ്ചു വര്‍ഷം കാത്തു നില്‍ക്കാനാകുമോ?
എന്തോ… അധികം ആലോചിക്കേണ്ടി വന്നില്ല.
കുടുംബം, ബന്ധങ്ങള്‍ എല്ലാം മറന്ന്, അഞ്ചല്ല, കാലങ്ങള്‍ കാത്തിരിക്കാം.
ഒരൊറ്റ വാക്കു മാത്രം നല്‍കാനാകുമോ?
അഞ്ചു വര്‍ഷത്തിന് ശേഷം വരാമെന്ന ഒരൊറ്റ വാക്കു മാത്രം.

അതിനെന്താ..
അന്ന് 45 മിനുട്ടുവോളം സംസാരിച്ചതിന് പകരം ഇന്ന് ആ സമയം ഹൃദയം മൗനത്തോടാണ് സംസാരിച്ചതെന്ന് മാത്രം. എന്താണ് ജീവിതമിങ്ങനെ ഒരേ ദിശയിലൂടെ ആവര്‍ത്തനം നടത്തുന്നത്.

കാതടപ്പിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണ്‍ മുഴക്കി കാറുകളും വിലകൂടിയ വാഹനങ്ങള്‍ നിരത്തിലൂടെ ഓടുന്നത് ഇത്തവണയും കണ്ടു. റോഡിലാകെ വര്‍ണ്ണ ബലൂണുകള്‍.രാജ്യം അതിന്‍റെ 46ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. എല്ലാവരും ആഹ്ലാദത്തില്‍.അവധി കിട്ടിയ സന്തോഷത്തില്‍ എല്ലാവരും പുറത്തേക്കിറങ്ങിയിട്ടുണ്ട്.
ആ കൂട്ടത്തില്‍ എവിടെയെങ്കിലും ചില മുഖങ്ങളെ കാണാനാകുമോ ….?

റോഡിലൂടെ നടക്കുമ്പോള്‍, കൂട്ടുകാരോടൊത്ത് കളിക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ആരെങ്കിലും നോക്കുന്നോ എന്നാലോചിക്കും. എവിടെ…
ഇവിടെ നിന്ന് അല്‍പ്പം നടന്നാല്‍ എത്തിച്ചേരാവുന്ന ഇടമായിട്ടും..
കുടുംബങ്ങളെ, സമൂഹത്തെ, നന്മ-തിന്മകളെ കുറിച്ചെല്ലാം ആലോചിച്ച് മൗനത്തില്‍ കടിച്ചമര്‍ത്തും.

രാത്രിയുടെ യാമങ്ങളായിട്ടും നാമെന്താണ് നഷ്ട സ്വപ്നങ്ങളെ കുറിച്ചാലോചിക്കുന്നത് ?
എത്രകാലമിത് വേട്ടയാടും?
എന്തേ… ജീവിതമിങ്ങനെ സങ്കീര്‍ണ്ണമായി മാറുന്നത്.

ജീവിതത്തില്‍ വരാന്‍ പോകുന്നവരാരോ… അവരോട് പറയുവാനുള്ളത് ഇതാണ്.
2017 ലെ ഡിസംബറിലൊക്കെ ഇതായിരുന്നു അവസ്ഥ.
തുറന്ന പുസ്തകമായി കിടക്കട്ടേ…
അറിയാം, ഏറെ അപകടം പിടിച്ചതാണ് ഈ എഴുത്തെന്ന്.
എല്ലാം മറച്ചുവെക്കുന്ന കപട ബോധത്തിന് പകരം തുറന്ന പുസ്തകത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നവരാവണേ… കാരണം , ഇതിനകം വിടവാങ്ങിയാല്‍ ആ മയ്യിത്തിന്‍റെ കനത്തേക്കാള്‍ അതിന്‍റെ പറയാതെ പോയ ഹൃദയ വേദന നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല.


I don't know they realise
how sleepless nights
can affect me.
How overthinking slowly
kills me,
I don’t know, how can turn our mind
into thoughts you wish.




Wednesday, November 15, 2017

കഴുത

എല്ലാ ഭാരവും ഇറക്കി വെക്കാന്‍
ഞാന്‍ വേണമായിരുന്നു 
എന്നിട്ടും..

പ്രതികരിക്കാതെ..
ആവിശ്യങ്ങളും സങ്കടങ്ങളും
തോളില്‍ കയറ്റിവെച്ചുും
ഒരു വേള തലയില്‍ കയറിയും
ആശ്വാസം കണ്ടെത്തി.


തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയുടെ
പ്രതീകമായി
ബുരിഡന്‍ മാറ്റിയപോലെ

തെറികളില്‍ യഥേഷ്ടം
വിഭവമാകാനും
52 കാര്‍ഡില്‍ കശക്കിയെറിയാനും
ആസ് കാര്‍ഡാക്കാനും
ഞാനേയുള്ളൂ…


Saturday, November 11, 2017

സുറുമ

എനിക്ക്
നീ
ഇടക്കിടെ
കണ്ണ് കഴുകാനുള്ള
സുറുമയാണ്

Saturday, October 21, 2017

ക്രമമില്ലാത്ത എഴുത്ത്...ജീവിതവും

മൗനത്തോളം വേദനയുള്ള സംഭാഷണമില്ല.ഒരുപാട് മനസ്സില്‍ വിങ്ങി നിന്നിട്ടും അതൊന്നും അറിയിക്കാനാവാതെ പോകുന്ന നിസ്സാഹയവസ്ഥ.നുണകള്‍ക്ക് മുകളില്‍ നുണകള്‍ മെനഞ്ഞ് തെറ്റിദ്ധരിപ്പിച്ചുണ്ടാക്കുന്ന മാനുഷിക ബന്ധങ്ങള്‍ക്ക് ഈ ലോകത്ത് നിലനില്‍പ്പുണ്ടാകുമായിരിക്കും.പക്ഷെ മറ്റൊരു ജീവിതത്തില്‍ അതെല്ലാം തുറന്ന് കാണിക്കപ്പെടുകയ തന്നെ ചെയ്യും. കരളും ഹൃദയവും പറിച്ചു നല്‍കിയാലും അതെല്ലാം വെറും വാക്കുകളാണെന്ന് തെറ്റിദ്ധരിക്കാന്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് വേഗം സാധിക്കുമായിരിക്കും.അങ്ങിനെയായിരുന്നില്ലെന്ന് തെളിയിക്കാന്‍ ഒരു മുഴം കയറിലോ തുള്ളി വിഷത്തിലോ ജീവിതം അവസാനിപ്പിച്ചാലും അതിന് വേറെന്തെങ്കിലും കാരണം കണ്ടെത്തുമായിരിക്കും.അതിനാല്‍ ആ ഉദ്യമത്തിന് മുതിരുന്നവര്‍ അവിടെയും പരാജയപ്പെടും.തെറ്റായ വിവരങ്ങളായിരിക്കാം. ഒരുപക്ഷെ നമ്മുടെ ചോരകള്‍ വരെ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് അവരുടെ അജണ്ടകളെ സ്ഥാപിച്ചേക്കാം. മാരകമായ രോഗങ്ങളുള്ളത് കൊണ്ട് ബന്ധങ്ങളില്‍ നിന്ന് ചിലര്‍ പിന്മാറി എന്നൊക്കെ അവര്‍ പ്രചരിപ്പിച്ചേക്കും. പാവം ഇരകള്‍ അത് വിശ്വസിക്കുകയും മറുപക്ഷത്തെ ശപിക്കുകയോ കുറ്റപ്പെടുത്തുകയോ ഒക്കെ ചെയ്യും.

രണ്ട് പേര്‍ വേര്‍പിരിയുമ്പോള്‍
അവിടെ
ഒന്നും സംഭവിക്കുന്നില്ല,
പരസ്പരം
രണ്ടു ചെറിയ മരണങ്ങളല്ലാതെ…

Saturday, June 17, 2017

വസന്തം ശിശിരത്തിലേക്ക്

ഇന്ന് ശനിയാഴ്ച.
അടുത്ത ഈ ദിവസം എനിക്ക് ഈ നഗരം വിട്ട് പോകണം.
എല്ലാ വര്‍ഷവും മടക്ക ടിക്കറ്റ് കൂടി എടുത്താണ് പോകാറുള്ളത്. എന്നാല്‍ ഇത്തവണ അതെടുത്തിട്ടില്ല.തിരിച്ച് വരേണ്ടെന്ന് കരുതിയിട്ടാ...
ഇനി ഞാനെന്തിന് ഈ നാട്ടിലേക്ക് തിരിച്ചുവരണം?
ജോലിയും ശംബളവും പണവും പ്രതാപവുമൊക്കെ ഇനി എന്തിന് ?
ആത്മാഹ് തളര്‍ന്ന് ഇനി ഈ നാട്ടില്‍ ജീവിക്കുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത് ?
ഓരോ ദേശവും നമ്മളെ നാം അറിയാതെ മാറ്റികൊണ്ടിരിക്കുകയാണ്.

ഞാനെന്നത് ഗോതമ്പിന്‍റെ നിറമുള്ള തൊലിയുള്ള ഒരു ശരീരം മാത്രമാണോ? അതിനുള്ളിലൊരു ആത്മാവോ മനസ്സോ ഇല്ലേ? ഉണ്ടെങ്കില്‍ അതിന് ജീവന്‍ വേണം. അല്ലാതെ പാതി ജീവിച്ച് ഇവിടെ കഴിയുന്നതിനേക്കാള്‍ നല്ലത് ആത്മശാന്തി ലഭിക്കുന്ന ഇടത്തേക്ക് പോവുകയായിരുന്നു നല്ലതെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. പക്ഷെ മതം അത് വിലക്കുന്നു. അതു മാത്രമല്ല അങ്ങിനെ പലതും മതത്തിന് വേണ്ടി ആഗ്രഹങ്ങളെ , താത്പ്പര്യങ്ങളെ അടിച്ചമര്‍ത്തി ഞാന്‍ എന്നെ തന്നെ കൊല്ലുന്നു. ഇന്നള്ളാഹ മഴസ്സാബിരീന്‍. നാളെ അതിന് നാഥന്‍ പ്രതിഫലം തരുമത്രെ.. നാഥന്‍റെ ആ പ്രതീക്ഷകളിലാണല്ലോ തുടര്‍ ജീവിതം.
ജീവിതം പ്രതീക്ഷകളിലാണ് എന്ന് പറയുന്നത് ഇങ്ങിനെത്തെ സാഹചര്യത്തിലും ഏറെ ശരിയല്ലേ...

Sunday, May 21, 2017

ഇക്കരെ നിക്കുമ്പോള്‍‍ അക്കരെ പച്ച

 നമ്മുടെ ജീവിത കഥകള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ആസ്വദിച്ച് വായിക്കാനുള്ളതോ നേരംപോകാനുള്ളതോ ഒക്കെയാവാം. പക്ഷെ നമുക്കത് ജീവിച്ചുപോയതിന്‍റെ തെളിവുകളാണ്. അല്ലാതെ വേദനകള്‍ പങ്കുവെച്ചത് കൊണ്ടുള്ള സെന്‍റിമെന്‍സ് ജീവിതത്തില്‍ ഒരു ഉപകാരവുമില്ല എന്ന് മാത്രമല്ല... പ്രാക്ടിക്കല്‍ ലോകത്ത് അതുകൊണ്ട് ബുദ്ധിമുട്ടേ ഉണ്ടാവുകയുള്ളൂ.. പ്രത്യേകിച്ച് നമ്മേ കുറിച്ച് മോശകരമായ അഭിപ്രായമേ ഉണ്ടാവുകയുള്ളൂ.എങ്കിലും ജീവിതം സുതാര്യമാകണമെന്ന രാഷ്ട്രീയം ഉള്ളവരും ലോകത്തുണ്ടല്ലോ... അല്ലാതെ ഉള്ളില്‍ ഒന്ന് കൊണ്ടുനടന്ന് മറ്റൊന്ന് നടക്കുന്ന മലയാളിയുടെ ആ ഹിപ്പോക്രസിയോട് ലവലേശം സമരസപ്പെടാനാകില്ല. ചത്താലും ചങ്കിലുള്ള സത്യം കൊണ്ടുനടക്കണം.മാത്രമല്ല എഴുത്ത് തരുന്ന ആശ്വാസം അത് അനുഭവിച്ചവര്‍ക്ക് അറിയൂ...

Saturday, May 13, 2017

ഇന്നത്തെ ചിന്ത- ജീവിതമില്ലായ്മ

Apolitical intellectuals
of my sweet country,
you will not be able to answer.

A vulture of silence
will eat your gut.

Your own misery
will pick at your soul.

And you will be mute in your shame - Otto Rene Castillo

ജീവിതത്തെ കുറിച്ചെഴുതുന്നത് എന്തോ മോശകരമായ പ്രവൃത്തിയാണത്രെ..
ഫിലോസഫി.. ബുദ്ധി ജീവി , ചിന്തകന്‍ എന്നൊക്കെ മുദ്രകുത്തി നിങ്ങളെ അവര്‍ നിരുത്സാഹപ്പെടുത്തും.
കാരണം ചില സത്യം പറയുന്നവരെ ആര്‍ക്കും ഇഷ്ടപ്പെടില്ല.അല്ലെങ്കിലും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ക്രമമപ്പെടുത്തുന്നതാണല്ലോ നമ്മുടെ ജീവിതം.
ഉപരിപ്ലവമായി സംസാരിക്കുക, ആഴത്തിലേക്ക് ഇറങ്ങാതിരിക്കുക എന്നൊക്കെയാണ് അധികപേര്‍ക്കും ഇഷ്ടം.അല്ലാത്തപക്ഷക്കാര്‍ അറുബോറന്മാരാണത്രെ...

എന്നാണ് ഇനി നമ്മള്‍ ജീവിക്കുക ?
നാളെകളെ കുറിച്ചുള്ള ആശങ്കകളില്‍, വേവലാതികളില്‍ തളക്കപ്പെട്ടതായിരിക്കും വര്‍ത്തമാനകാലത്തെ ജീവിതം.പ്രവാസിയെപ്പോലെ..
നാളെകളിലെ ജീവിതത്തെ പ്രതീക്ഷിച്ച് വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ മറന്നുപോകുന്നവര്‍,
സമ്പാദിക്കുകയാണ്. നാളെകളില്‍ സന്തുഷ്ട ജീവിതം നയിക്കാമെന്ന മോഹത്തില്‍. പക്ഷെ നാളെകള്‍ ഉണ്ടാകുന്നുണ്ടോ?
ഇല്ല. പകരം ജീവിതം ഒരു ചക്രത്തെപ്പോലെ കറങ്ങിയതു തന്നെ

Saturday, May 6, 2017

മൗനങ്ങളില്‍ രൂപപ്പെടുന്ന ഭാഷ

ചില സമയത്ത് മൗനം നല്ല മറുപടിയാണ്.
പക്ഷെ ഒരാള്‍ക്ക് സ്വന്തം ഇംഗിതപ്രകാരം വ്യാഖ്യാനിക്കാന്‍ കഴിയും എന്നൊരു ദോഷം അതിനുണ്ട്.അതുകൊണ്ട് എന്തായാലും മനസ്സ് തുറക്കുക എന്നതാണ് ഉചിതമായ മാര്‍ഗം. ( ബെന്യാമിന്‍- അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി).അഹങ്കാരമല്ല. ബെന്യാമിനു മുമ്പെ ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.

ചില ദിവസങ്ങളില്‍ അവള്‍ ചോദിക്കും. ഞാന്‍ അതിനാരാ ? മാരകമായ രോഗം വന്നാല്‍ നീ എന്ത് ചെയ്യും? എല്ലാകാലത്തും സ്നേഹം നിലനില്‍ക്കുമോ?
എന്നും നീയെന്നെ ഇതുപോലെ സ്‍നെഹിക്കുമോ ? പെണ്‍കട്ടികളുടെ സ്ഥിരം ചോദ്യങ്ങളോ ആശങ്കകളോ ആണോ ഇത് ? അതോടെ മനസ്സിലേക്ക് കൂരമ്പുകള്‍ തറക്കും. എല്ലാ കാലത്തും സ്നേഹം നിലനില്‍ക്കുമോ എന്ന ചോദ്യം ഞാനും പലരോടും ചോദിച്ചതാണ്. ഉത്തരം കിട്ടാത്തത് കൊണ്ട് ദൈവത്തിനും പ്രാര്‍ഥനക്കും വിടുകയാണ് പതിവ്. എല്ലാം അങ്ങ് ഭാരമേല്‍പ്പിച്ചാല്‍ പിന്നെ ഒരാശ്വാസമാണല്ലോ.. എത്രയായാലും ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ അവരോടുള്ള സ്നേഹം കുറക്കാനാകില്ലല്ലോ.. അല്ലെങ്കിലും സ്നേഹത്തിന് വേണ്ടിയാണ് എല്ലായിടത്തും കലാപം. വിവാഹ ശേഷം സ്നേഹം മാതാവിനും ഇണക്കും പങ്കുവെക്കുന്നതിലെ തന്ത്രത്തിലാണ് പുരുഷന്‍റെ വിജയം.

അവന് എന്നിട്ടും ആശ്വാസമായില്ല-

Tuesday, April 18, 2017

നിലച്ചുപോകുന്ന നാദങ്ങള്‍

നിസ്സാഹയതയുടെ മൗനങ്ങളില്‍ നിന്നാണ് വാക്കുകള്‍ കീഴ്പ്പെടുത്തുക. അത് എവിടെയെങ്കിലും കുറിച്ചു വെക്കുമ്പോഴേ ആശ്വാസം കിട്ടുന്നുള്ളൂ എന്നത് ഒരു ലഹരിയായി കീഴ്പ്പെടുത്തിയിരിക്കുന്നു.അത്തരം നിസ്സാഹായത ആരോടും പറയാതെ , അടക്കിപ്പിടിച്ച് ദൈവത്തോട് മാത്രം പറഞ്ഞാല്‍ പോരേ ? അപ്പോഴും ഇത്തരമൊരു മുറിവേറ്റ ഹൃദയം ഇവിടെ ജീവിച്ചിരുന്നു എന്ന് ദൈവത്തിന്‍റെ പ്രതിനിധികളെ ബോധ്യപ്പെടുത്താനോ ജീവിതത്തില്‍ മുന്നേറുമ്പോള്‍ വന്ന വഴിയില്‍ ഇങ്ങിനെയൊക്കെയായിരുന്നു എന്ന തിരിച്ചറിയാനോ ഒക്കെയുള്ള ശ്രമമാണ് എഴുത്ത്.

ലക്ഷ്യങ്ങളില്ലാതെ ജീവിക്കുമ്പോഴും മുറിയില്‍ ഏകാന്തമായി മനസ്സിന്‍റെ നഗ്നതയില്‍ ഇരിക്കുമ്പോഴുമാണ് എന്നിലെ ഞാനുണരുന്നത്.അതായത് എന്നിലെ എഴുത്ത് ഉടലെടുക്കുന്നത് എന്ന പറയുന്നതാകും ശരി.എഴുതി തീര്‍ക്കുന്നതോടെ താത്കാലികമായ ആശ്വാസത്തിനുള്ള ശ്വാസമെടുക്കലാണത്.

നിസ്സാഹയരായി മാറുമ്പോള്‍ മതത്തിലാണ് അധികപേരും അഭയം പ്രാപിക്കുക. സ്നേഹിക്കുന്നത് പോലും മതപരമായി തെറ്റാണെന്നാണ് പല പ്രഭാഷണങ്ങളില്‍ നിന്നും കേട്ടുകൊണ്ടേയിരിക്കുന്നത്.മനസ്സില്‍ സ്നേഹം കൊണ്ടു നടക്കുന്നത് തെറ്റല്ലെങ്കിലും എതിര്‍ ലിംഗത്തിലെ സ്നേഹഭാഷിണിയോട് സംസാരിക്കുന്നതും കാണുന്നതും എല്ലാം തെറ്റായിട്ടാണ് പരഗണിച്ചുവരുന്നത്.വ്യഭിചാരമെന്ന വന്‍ പാപത്തിലേക്ക് എത്താതിരിക്കാനാകാം മതം അത്തരമൊരു മുന്‍കരുതലെടുക്കുന്നത്.ആയതിനാല്‍ ഇപ്പോള്‍ സംസാരമില്ല, ചിരിയില്ല കാണല്‍ പോലും വിരളം.

എല്ലാം അല്ലാഹുവിന് വേണ്ടിയാണല്ലോ

Friday, April 7, 2017

കഥ കേള്‍ക്കാനെത്തിയ നായക്കുട്ടി


ഇന്നലെ ഒരു നായ എന്‍റെ അരികില്‍ വന്നിരുന്നു.
പ്രവാസ ലോകത്തെത്തിയിട്ട് രണ്ടു വര്‍ഷമായിട്ട് ഇന്നലെയാണ് അതിനുള്ള ഭാഗ്യമുണ്ടായത്.
നാട്ടിലെ തെരുവ് നായയെപ്പോലെ തന്നെ.
പക്ഷെ , പുള്ളിയെന്തോ ചുറ്റും കറങ്ങി അരികിലേക്ക് വന്നിരുന്നു.
പ്രവാസലോകത്തെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയിലെ ഏകാന്തതയൊഴിവാക്കാന്‍ നിരന്തരം ഫോണ്‍ വിളിക്കുമായിരുന്നു.
ഒഴിഞ്ഞ ഏതെങ്കിലും ബില്‍ഡിംഗിന്‍റെ സമീപത്തോ റോഡരുകിലോ ഒക്കെയാവും ഏകാന്തത കണ്ടെത്തുക.ചിലപ്പോള്‍ അത് മണിക്കൂറുകളോളം നീളും.
പക്ഷെ ഇന്നെനിക്ക് കൂട്ടായി ഈ നായ വന്നിരിക്കുകയാണ്.
കുറെ നേരം അതെന്‍റെ മുഖത്തേക്ക് തന്നെ പാവ ഭാവത്തില്‍ നോക്കുകയാണ്.
അവനറിയുന്നുണ്ടാവുമോ ഞാനെന്താണ് സംസാരിക്കുന്നതെന്ന്.

മുന്നിലെ കൈയില്‍ ഊന്നി നിന്ന് കുറെ നേരം അങ്ങിനെ നോക്കി നിന്ന് ഉച്ചത്തില്‍ ഒന്നു കുരച്ച് പുള്ളി ഒന്ന് കറങ്ങാന്‍ പോയി.വീണ്ടും മുന്നിലേക്ക് തന്നെ.
വീണ്ടും എന്‍റെ നേര്‍ക്ക് കുരക്കുകയാണ്.
നാട്ടില്‍ തെരുവ് പട്ടികളുടെ അക്രമത്തില്‍ പരുക്കേറ്റവരെ അപ്പോള്‍ ഓര്‍മ്മ വന്നു. കല്ലെടുത്ത് എറിഞ്ഞു നോക്കി.

എവിടെ.. ആള് പിന്നേം വരാണ്.

എന്‍റെ സംഭാഷണം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ കക്ഷി അവിടെ കിടന്നുറങ്ങി.

Sunday, April 2, 2017

കളിയാരവങ്ങള്‍ക്കിടയിലെ കനല്‍


02-04-2017 - Time 2.15 Am
ഏതൊരു സന്തോഷ വേളയിലും ഉള്ളില്‍ ദുഖമുണ്ടെന്ന് തിരിച്ചറിയുന്ന ദിനങ്ങള്‍.
ഒരു വശത്ത് വേദിയില്‍ പാട്ടും നൃത്തവും അരങ്ങു തകര്‍ക്കുകയാണ്.
രണ്ടു വശത്തും നിറയെ മനുഷ്യര്‍.
വേദിയില്‍ സംഗീതമൊഴുകുന്നു.
കയ്യടിച്ചും ഒച്ചവെച്ചും അവതരാകരും പ്രോത്സാഹിപ്പിക്കുന്ന കാണികളും.
ഒരേയൊരു പ്രവേശന കവാടമുള്ള വേദി.
തെക്ക് വശത്തുള്ള കടലൊന്ന് കലി തുള്ളിയാല്‍....

ഇറങ്ങി നടന്നു.
എന്നും ആള്‍ കൂട്ടത്തില്‍ നില്‍ക്കാറില്ലല്ലോ..
ഉമ്മ പറയുംപോലെ, നീ മാത്രം എന്താ ഇങ്ങിനെയായത്... വേറിട്ടൊരു ജന്മം.
സംഘഗാനം അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കൂടി വിട്ടകലുകയാണ്.

പൊൻ‌വീണേ എന്നുള്ളിൽ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽ‌കും നിൻ

Sunday, March 19, 2017

ഹേയ്.. ഒന്നുമില്ല

ഇല്ല, പ്രത്യേകിച്ചൊന്നുമില്ല
പ്രാര്‍ഥനക്കായി മിഴിയടയുമ്പോള്‍
വഹിക്കുന്നത് നിന്നോര്‍മ്മകളാണെന്ന്
ദൈവത്തിന്‍റെ പരാതി.

ഇല്ല,വേറെ കുഴപ്പമൊന്നുമില്ല,
നിന്നെ കാണുമ്പോള്‍ മാത്രം
ചോര്‍ന്ന് പോകുന്നു ധൈര്യം .

ഇല്ല, എനിക്കൊന്നുമില്ല
രാത്രി കിനാക്കളില്‍ നിന്‍റെ പേര്
വിളിച്ചുറക്കെ കരയുന്നത് ശല്യമാണെന്ന്
സഹമുറിയന്‍റെ പരാതി.

ഇല്ല, പോയിട്ടില്ല
ശീതികരിച്ച ഫ്ളാറ്റിലേക്ക്
ശയനത്തിന് മേനി കിട്ടിയിട്ടും.
ഒന്നുംകൊണ്ടല്ല, സൂക്ഷിച്ചുവെക്കുന്നത്
നാളെയെ സ്വപ്നം കാണുന്നതോണ്ടാവും.


ഇല്ല, അധികം ഇല്ലായ്മയില്ല
നിന്നെത്തേടിയിറങ്ങിയ
പതിനായിരം സന്ദേശങ്ങളൊഴികെ
നാവിന്‍തുമ്പില്‍ അവ കടിച്ചിറക്കി.

ഇല്ല, മതിയാകുന്നില്ല
നിന്നെ കുറിച്ചെഴുതുമ്പോള്‍ -മഷി
ഇനി നിര്‍ത്താനായില്ലെന്ന്
കടലാസുകള്‍ക്ക് പരാതി.

ഇല്ല, വേറെ ആഗ്രഹങ്ങളൊന്നുമില്ല
കല്ലറയില്‍ നെഞ്ചിലേക്ക് എറിയുന്ന മണ്ണില്‍
നിന്‍റെ ഒരു പിടി മണ്ണുണ്ടാവില്ലല്ലോ
എന്നാണ് ആത്മാവിന്‍റെ പരാതി.

(സിറാജ് ഞായറാഴ്ച സപ്ലിമെന്‍റില്‍ 19-3-17 ന് ദുബൈ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്.)
അച്ചടിച്ചത് വായിക്കാന്‍