Pages

Saturday, June 17, 2017

വസന്തം ശിശിരത്തിലേക്ക്

ഇന്ന് ശനിയാഴ്ച.
അടുത്ത ഈ ദിവസം എനിക്ക് ഈ നഗരം വിട്ട് പോകണം.
എല്ലാ വര്‍ഷവും മടക്ക ടിക്കറ്റ് കൂടി എടുത്താണ് പോകാറുള്ളത്. എന്നാല്‍ ഇത്തവണ അതെടുത്തിട്ടില്ല.തിരിച്ച് വരേണ്ടെന്ന് കരുതിയിട്ടാ...
ഇനി ഞാനെന്തിന് ഈ നാട്ടിലേക്ക് തിരിച്ചുവരണം?
ജോലിയും ശംബളവും പണവും പ്രതാപവുമൊക്കെ ഇനി എന്തിന് ?
ആത്മാഹ് തളര്‍ന്ന് ഇനി ഈ നാട്ടില്‍ ജീവിക്കുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത് ?
ഓരോ ദേശവും നമ്മളെ നാം അറിയാതെ മാറ്റികൊണ്ടിരിക്കുകയാണ്.

ഞാനെന്നത് ഗോതമ്പിന്‍റെ നിറമുള്ള തൊലിയുള്ള ഒരു ശരീരം മാത്രമാണോ? അതിനുള്ളിലൊരു ആത്മാവോ മനസ്സോ ഇല്ലേ? ഉണ്ടെങ്കില്‍ അതിന് ജീവന്‍ വേണം. അല്ലാതെ പാതി ജീവിച്ച് ഇവിടെ കഴിയുന്നതിനേക്കാള്‍ നല്ലത് ആത്മശാന്തി ലഭിക്കുന്ന ഇടത്തേക്ക് പോവുകയായിരുന്നു നല്ലതെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. പക്ഷെ മതം അത് വിലക്കുന്നു. അതു മാത്രമല്ല അങ്ങിനെ പലതും മതത്തിന് വേണ്ടി ആഗ്രഹങ്ങളെ , താത്പ്പര്യങ്ങളെ അടിച്ചമര്‍ത്തി ഞാന്‍ എന്നെ തന്നെ കൊല്ലുന്നു. ഇന്നള്ളാഹ മഴസ്സാബിരീന്‍. നാളെ അതിന് നാഥന്‍ പ്രതിഫലം തരുമത്രെ.. നാഥന്‍റെ ആ പ്രതീക്ഷകളിലാണല്ലോ തുടര്‍ ജീവിതം.
ജീവിതം പ്രതീക്ഷകളിലാണ് എന്ന് പറയുന്നത് ഇങ്ങിനെത്തെ സാഹചര്യത്തിലും ഏറെ ശരിയല്ലേ...