Pages

Saturday, March 10, 2012

പുലിവാല്‌ പിടിച്ചാല്‍........

യെവന്‍ പുലിയാണ്‌ കെട്ടാ.......
പക്ഷെ എന്ത്‌ര്‌ത്‌ കാര്യം.
വാല്‌ പോലും അഴിഞ്ഞുപോകുമ്പോള്‍ നിവര്‍ത്തി ശരിയാക്കാനുള്ള തത്രപ്പാടിലാണ്‌ പിന്നണി പ്രവര്‍ത്തകര്‍.
വണ്ടൂരില്‍ നിന്നുള്ള ദൃശ്യം

Monday, February 27, 2012




എന്റെ രണ്ടു അമ്മമാര്‍


Those who educate children well are more to be honored than parents,
for these only gave life,
those the art of living well.

Aristotle

ഒരു ടീച്ചര്‍ എങ്ങിനെയൊക്കെ ആകാം ? എങ്ങിനെയൊക്കെ ആകാന്‍ പാടില്ലയെന്ന്‌ ചര്‍വിത ചര്‍വണം നടത്തുന്ന കാലത്തു നിന്ന്‌ പ്രിയ അധ്യാപകരെ ഓര്‍ത്തെടുക്കാനുള്ള ശ്രമം .
പ്രിയ അധ്യാപകര്‍ എന്നു പറയുമ്പോള്‍( അപ്രിയരായ അധ്യാപകരും ഉണ്ട്‌ എന്നും അര്‍ഥം )
ചുരുക്കം ചിലരെ എനിക്ക്‌ അങ്ങിനെ വിശേഷിപ്പിക്കാനാകൂ.....
വീട്‌ വിട്ടുകഴിഞ്ഞാല്‍ ഏതൊരു കുട്ടിയും അവന്റെ സമയത്തിന്റെ സിംഹ ഭാഗവും സ്‌കൂളിലാണ്‌ ചെലവഴിക്കുന്നത്‌. അവിടെ അച്ഛനായും അമ്മയായും അവന്‌ അധ്യാപകര്‍ മാത്രമാണ്‌ ഉണ്ടാകുന്നത്‌.
ഇന്നും ബഹുമാനവും സേനഹവും തോന്നുന്ന അധ്യാപകരും എതിര്‍പ്പ്‌ തോന്നുന്ന അധ്യാപകരും മിക്കവരുടെയും ജീവിതത്തിലുണ്ടാകാം.
എന്തിനാണ്‌ സ്‌കൂളിലേക്ക്‌ പോകുന്നതെന്ന്‌ ചോദിച്ചാല്‍ വിദ്യഅഭ്യസിക്കാന്‍ എന്ന്‌ ഒഴുക്കന്‍മട്ടില്‍ മറുപടി പറയുമ്പോഴൊക്കെ അതിന്റെ ഗൗരവത്തോട്‌ ആ പ്രായത്തില്‍ ഉള്‍കൊണ്ടവര്‍ എത്രപേരുണ്ടാകും.

സ്‌കൂള്‍ അന്തരീക്ഷത്തില്‍ മറക്കാന്‍കഴിയാത്ത അനുഭവങ്ങളിലൊന്ന്‌ അവിടത്തെ അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിലെ അനുഭവങ്ങളായിരിക്കും.ഞാനുള്‍പ്പടെയുള്ള പലര്‍ക്കും അതത്ര സുഖകരമായിരുന്നില്ല. എന്നാല്‍ ഒരു നേര്‍ത്ത ആശ്വാസമായി , സ്‌നഹമായി , തണലായി ചിലരുണ്ടാകും. ജീവിതത്തില്‍ വഴിതെറ്റി എവിടേക്കോ പോകേണ്ടിയിരുന്ന സമയത്ത്‌ നാലക്ഷരം പഠിക്കണമെന്ന ചിന്ത ആദ്യമായി പകര്‍ന്നു തന്നത്‌ അയല്‍വാസിയും പഴയകാലത്ത്‌ കുടുംബത്തിന്റെ സന്തത സഹചാരിയുമായ നിര്‍മല ടീച്ചറാണ്‌. അതെകുറിച്ച്‌ ഇനിയും വിശദമായി പിന്നീട്‌ എഴുതാനുണ്ട്‌.

അധികമായി അടുത്തില്ലെങ്കിലും ചില അപ്രതീക്ഷിത സമയങ്ങളില്‍ ആശ്വാസമായെത്തി മലയാള കവിതകള്‍ ചൊല്ലിത്തന്നും സാറാമ്മയുടെയും കുട്ടിരാമന്റെയും കഥകള്‍ പറഞ്ഞ്‌ ചിരിപ്പിച്ചും നല്ലവാക്കുകള്‍ ആശ്വസിപ്പിക്കുകയും ചെയ്‌ത ടീച്ചറാണ്‌ സുമ ടീച്ചര്‍.
കണക്കില്‍ പിന്നാക്കകാരനായതിനാല്‍ ബേക്ക്‌ ബെഞ്ചില്‍ പോയിരുന്നാല്‍ അടുത്തുവന്ന്‌ സ്‌നേഹത്തോടെ കണക്കിനെ അടുത്തറിയാന്‍ പഠിപ്പിച്ച വത്സല ടീച്ചര്‍. മാര്‍ച്ച്‌ മാസത്തോടെ അവര്‍ സ്‌കൂളിന്റെ പടിയിറങ്ങുകയാണ്‌.
മാര്‍ച്ചിനെ കുറിച്ച്‌ കഴിഞ്ഞ വര്‍ഷം വര്‍ത്തമാനം പത്രത്തിന്റെ സപ്ലിമെന്റിലേക്ക്‌ ഇങ്ങിനെ എഴുതി.

സുമ ടീച്ചര്‍


ശുദ്ധമായ ഭാഷയില്‍ ഗാംഭീര്യമുള്ള ശബ്ദംകൊണ്ട്‌ സ്‌കൂളിനെ മുഖരിതമാക്കി ഏതവനെയും വരച്ച വരയില്‍ നിറുത്താനും അതോടൊപ്പം ലാളനയോടെ തലയില്‍ തലോടി സ്‌നേഹം പകരാനും ഈ അമ്മ മുന്നോട്ടുവന്നിരുന്നു. എന്നും നിറസൗന്ദര്യത്തോടെ ശോഭയോടെ ക്ലാസിലെത്തി മലയാളത്തോടൊപ്പം എത്ര കുട്ടികളെയാണ്‌ ടീച്ചര്‍ ചേര്‍ത്തിരുത്തിയത്‌. ജാതീപരമായി ഉ്‌യര്‍ന്നിരിക്കുമ്പോഴും
ജാതിവിവേചനമില്ലാതെ ഏത്‌ കുട്ടിയോടുമുള്ള സമീപനം ശ്രദ്ധേയമാണ്‌. പഠനകാലത്ത്‌ കണ്ടതിനപ്പുറം പഠിപ്പിക്കുന്ന കാലത്തേക്ക്‌ വന്നപ്പോഴാണ്‌ അവരെ അടുത്തറിയാനാകുന്നത്‌. താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ സാമൂഹ്യാന്തരീക്ഷം പ്രതികൂലമായ കാലത്ത്‌ ആ അന്തരീക്ഷത്തില്‍ വളരുകയായിരുന്ന കുട്ടികള്‍ക്ക്‌ താങ്ങും തണലുമായത്‌ സുമ ടീച്ചര്‍ ആയിരുന്നു. അധ്യാപകന്റെ വേഷമണിഞ്ഞ കാലത്ത്‌ തന്റെ മകന്റെ കൂടെ പഠി്‌ച്ചുവെന്ന ഒറ്റ കാരണത്താലായിരിക്കാം
മകനെ പോലെ സ്‌നേഹം വാരിക്കോരി തരികയും സ്‌നേഹത്തോടെ ഞാന്‍ നിന്നെ ` അക്കുവെന്ന്‌ വിളിച്ചോട്ടെടാ.......` എന്ന്‌ വിളിച്ച്‌ തമാശകളെല്ലാം പറഞ്ഞു പാടാനും ആടാനും കൂടെ നിന്ന്‌ അടിച്ചുപൊളിക്കാനെത്തിയത്‌, നമുക്കിപ്പോഴും ഇരുപത്തിഴേഴ്‌ ആണേയ്‌.............

വത്സല ടീച്ചര്‍

ദേഷ്യപെട്ടിട്ടില്ല എന്നുതന്നെ പറയാം. എത്രയൊക്കെ കുസൃതിത്തരം ഒപ്പിച്ചാലും ക്ഷമയോടെ നേരിട്ട വത്സല ടീച്ചര്‍ക്ക്‌ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കാം. നല്ലരീതിയില്‍ പഠിക്കുന്ന കുട്ടികളെയാണ്‌ അധ്യാപകര്‍ക്ക്‌ പൊതുവെ ഇഷ്ടം. അവരോട്‌ മാത്രം ചോദ്യം ചോദിക്കും. അവരുടെ നോട്ടുകള്‍ മാത്രം നോക്കും. അവരുമായി നല്ല കമ്പനി സ്ഥാപിക്കും അങ്ങിനെ കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോഴെല്ലാം പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ ദേഷ്യം വരാതിരിക്കുമോ? ഒരു നോട്ടം മതി ആശ്വാസം പകരാന്‍. എന്നാല്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉന്നതിയിലെത്തിക്കാന്‍ അവര്‍ക്ക്‌ രണ്ടു മാര്‍ക്ക്‌ ഏറെ വാങ്ങികൊടുക്കാന്‍ ടീച്ചര്‍ അഹോരാത്രം പരിശ്രമിച്ചിരുന്നു. ഇഷ്ടമല്ലാതിരുന്ന ഗണിത ശാസ്‌ത്രത്തില്‍ ലാസാഗുവിനും ,ഊസാഗയ്‌ക്കും , ഗണങ്ങളും , ബീജഗണിതങ്ങളുമെല്ലാം അങ്ങിനെ എളുപ്പമാക്കി തന്നത്‌ പ്രിയ വത്സല ടീച്ചര്‍ ആയിരുന്നു. ഞാനൊക്കെ ജനിക്കും മുമ്പെ 1979 ല്‍ സ്‌കൂളിന്‍ ജോയിന്‍ ചെയ്‌ത ടീച്ചറുടെ ശിഷ്യഗണങ്ങള്‍ ആയിരങ്ങളാണ്‌.


വാക്കുകള്‍ ചില സമയത്ത്‌ അങ്ങിനെയാണ്‌. ചില സമയത്ത്‌ ഒഴുക്കായിരിക്കും. തിരമാലപോലെ വന്ന്‌ അടിച്ചുകൊണ്ടേയിരിക്കും. ചില സമയങ്ങളില്‍ വേലിയേറ്റത്തെപോലെയാണ്‌. കൂറെ നേരമങ്ങനെ നെഞ്ചുയര്‍ത്തി നില്‍ക്കുകയല്ലാതെ തിരകളവിടെ കാണാനാവില്ല.


ദീര്‍ഘ കാലത്തെ സേവനത്തിന്‌ ശേഷം യാത്രയപ്പ്‌ സമ്മേളനം നടത്തിയപ്പോള്‍ അവിടെ പറയാന്‍ എന്റെ ടീച്ചര്‍മാര്‍ക്ക്‌്‌ വാക്കുകളുടെ ക്ഷാമം നേരിട്ടുവോ..? അല്ല മലയാളത്തില്‍ ഇത്ര പാണ്ഡ്യത്ത്യമുള്ള ഇവര്‍ക്ക്‌ വാക്കുകള്‍ക്ക്‌ ക്ഷാമമില്ല. പിന്നെ ആ വിടവാങ്ങല്‍ പ്രസംഗസമയം വാക്കിലൂടെ പുറത്തറിയിക്കാന്‍ കഴിയാത്ത ഹൃദയങ്ങളുടെ സംസാരമായതിനാലാകാം അധികമായി ആരും സംസാരിക്കാതെ പോയത്‌.

എങ്കിലും സുമ ടീച്ചര്‍ പറഞ്ഞ ചിലവാക്കുകളില്‍ ചിലത്‌ രേഖപ്പെടുത്തി.

പ്രസംഗം : സുമ ടീച്ചര്‍




ഒരുപാട്‌ പറയണമെന്ന്‌ വിചാരിച്ചാണ്‌ ഈ വേദിയില്‍ കയറിയത്‌. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ല.വാക്കുകള്‍ വളരെ പരിമിതമാണ്‌. ഫെബ്രുവരി പതിനേഴ്‌ വരരുതേയെന്നായിരുന്നു എന്റെ ദീര്‍ഘ നാളത്തെ ആഗ്രഹം. ആ ആഗ്രഹംം വ്യര്‍ഥമാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എങ്കിലും ആഗ്രഹിച്ചു.
55 വയസ്‌ ആയെങ്കിലും മാനസികമായി എനിക്ക്‌ 26 വയസേ ആയിട്ടുള്ളൂ..പക്ഷേ... എനിക്ക്‌ പോയല്ലേ പറ്റൂ. നമ്മുടെ സര്‍ക്കാറുകള്‍ നമ്മളെ 55 വയസില്‍ തന്നെ പറഞ്ഞയക്കുകയാണല്ലോ......

1984 ലാണ്‌ ഞാന്‍ ഇവിടെ ചേരുന്നത്‌. അന്ന്‌ വികസനമെത്താത്ത കുഗ്രാമമായിരുന്നു ചാരങ്കാവ്‌ . ആളുകള്‍ നന്നേ കുറവ്‌. ജോലിക്ക്‌ ചേരാനായി ബസ്‌ വന്നിറങ്ങിയത്‌ കുട്ടിപ്പാറയിലായിരുന്നു. അവിടെ നിന്നിങ്ങോട്ട്‌ ബസ്സില്ലായിരുനനു. കാല്‍ നടയായി പട്ടലകത്ത്‌ മനക്കലേക്ക്‌ നടന്നു. അന്നത്തെ ഗതിയോര്‍ത്ത്‌ ഞാന്‍ പട്ടിലകത്ത്‌ മനയുടെ പൂമുഖത്തിരുന്ന്‌ കരഞ്ഞിട്ടുണ്ട്‌.
എങ്ങിനെ ഈ ഗ്രാമത്തില്‍ കഴിയുമെന്നായിരുന്നു എന്റെ ഭയം. എന്നാല്‍ ഇപ്പോള്‍ ഈ ഗ്രാമം വിട്ട്‌ പോകാനുള്ള വിഷമമാണ്‌ എന്നെ കരച്ചിലിലേക്ക്‌ നയിക്കുന്നത്‌.


എന്റെ സഹപ്രവര്‍ത്തകര്‍.അവരാണ്‌ എന്റെ ജീവന്‍. അവരോട്‌ യാത്രപറയാന്‍ വാക്കുകളില്ല. പലപ്പോഴും അവരോട്‌ തോല്‍ക്കാന്‍ നിന്നിട്ടില്ലെങ്കിലും ഇന്നു ഞാന്‍ അവര്‍ക്ക്‌ മുമ്പില്‍ തോല്‍ക്കുന്നു. ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴും ഈ സ്‌കൂളിന്റെ ഗൈറ്റ്‌ കടന്നാല്‍ എല്ലാ ദുംഖങ്ങളും മറന്നുപോയിരുന്നു. പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക്‌ ഹരീഷ്‌ മാസ്റ്ററും,ഹംസ മാസ്റ്ററും, ശ്രീശനും തീ കൊളുത്തുമ്പോള്‍ ഞാന്‍ ആനന്ദ നിര്‍വൃതിയിലാടിയിരുന്നു.

കുട്ടികളോട്‌

എന്റെ 28 വര്‍ഷത്തെ സര്‍വീസ്‌ കാലത്ത്‌ ക്രൂരമായ രീതിയില്‍ ഞാന്‍ ശിക്ഷിച്ചിട്ടില്ല എന്നു എനിക്ക്‌ ഉറപ്പിച്ചുപറായാനാകും. സ്‌കൂളിലെത്തിയാല്‍ അവരുടെ ഉമ്മയും ബാപ്പയുമൊക്കെ ഞങ്ങള്‍തന്നെയായിരുന്നു. കൂടാതെ പെണ്‍കുട്ടികളുടെ ചില ആവശ്യങ്ങള്‍ നേടിയെടുക്കാനായി ശക്തമായി മാനേജ്‌മെന്റിന്റെ മുമ്പില്‍ ഞാന്‍ വാദിച്ചിട്ടുമുണ്ട്‌.

അവസാനമായി



അനുഗ്രഹിക്ക നിങ്ങളെന്‍
തലക്കുമേല്‌്‌# കരങ്ങള്‍ വെച്ച്‌
അതൊന്നുമാത്രമാണപേക്ഷ
പോയി ടട്ടേ ഞാനിനി


അനുഗ്രഹിക്ക നിങ്ങളെന്‍
തലക്കുമേല്‌്‌# കരങ്ങള്‍ വെച്ച്‌
അതൊന്നുമാത്രമാണപേക്ഷ
പോയി ടട്ടേ ഞാനിനി


( സിസ്റ്റര്‍ മേരി ബബിഞ്ച )

മറ്റു ചില ഫോട്ടോസ് കൂടി




ഫോട്ടോസ് തന്നു സഹകരിച്ച പ്രിയ സുഹൃത്തുക്കളായ നിഖിന്‍ , സുനേഷ് , സദീപ് സാര്‍ , അമല്‍ കൃഷ്ണന്‍ , അഷറഫ് മാഷ്‌ തുടങ്ങിയവര്‍ക്കെല്ലാം നന്ദി .

Saturday, January 14, 2012

ചേതന്‍ ഭഗതിനെയെന്താണ് കെപി രാമനുണ്ണിക്ക് ദഹിക്കാത്തത് ?



( മഞ്ചേരി സഹൃദയയുടെ ഒമ്പാതാമത് സാഹിത്യ ക്യാമ്പ് ജനുവരി 13-ാം തിയത് രാത്രി ഏഴ്മണിക്ക് വായ്പ്പാറപ്പടി ജിഎല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് വയലാര്‍ അവാര്‍ഡ് ജേതാവും , പ്രശസ്ത സാഹിത്യകാരനുമായ കെപി.രാമനുണ്ണി നടത്തിയ പ്രഭാഷണത്തിന്റെ പ്രധാന ഭാഗങ്ങള്‍ )


മറ്റു സംസ്ഥാനങ്ങളേക്കാള്‍ എഴുത്തുകാരന് ചെവി കൊടുക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. എഴുത്തിനും, ഭാഷക്കും നാം നല്‍കുന്ന പ്രധാന്യമാണിത് സൂചിപ്പിക്കുന്നത്. എഴുത്തുകാരനെ ബഹുമാനിക്കലും, കൃതികള്‍ വായിക്കലും അങ്ങിനെപോകുന്നു ആ ബഹുമാനം.

ആധുനിക സംസ്‌കൃതി ഇന്ന് ഭാഷക്കും, സാഹിത്യത്തിനും പരുക്കേല്‍പ്പിച്ച്‌കൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതയോ, മുസ്്‌ലിം ഭീകരതയോ ഹിന്ദു ഭീകരതയോ അല്ല ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത് അധുനിക സംസ്‌കൃതിയായ മുതലാളിത്തത്തിന്റെ കടന്നുകയറ്റമാണ് എന്ന ആഷിശ് നന്ദിയുടെ അഭിപ്രായമാണ് എന്റേതും.

അധികാരത്തിന്റെ ഭാഷയുടെ കടന്നുകറ്റമാണ് ഇന്ന് വ്യാപകമായി സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. ഈ കയ്യേറ്റമാണ് ഭാഷകള്‍ മരിക്കുന്നതിന് കാരണമാകുന്നത്. ഇംഗ്ലീഷിന്റെ രാഷ്ട്രീയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.മലയാള ഭാഷയുടേതായ സമ്പന്നതയും ഇന്ന് നശിച്ച്‌കൊണ്ടിരിക്കുന്നു.

സമൂഹം ഏറെ മാറികൊണ്ടിരിക്കുന്നു. ടെക്‌നോളജിസ്റ്റുകളെയാണ് സമൂഹത്തിന് വേണ്ടതെന്ന തെറ്റായ മുന്‍ഗണന നല്‍കുന്ന പ്രശ്‌നമാണ് ഇന്ന് നേരിട്ട്‌കൊണ്ടിരിക്കുന്നത്. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ സൗകര്യങ്ങള്‍ ഏറെയാണ്. എന്നാല്‍ മനുഷ്യജീവിതത്തില്‍ ഇന്ന് സ്വസ്ഥയില്ല. സ്വസ്ഥത നല്‍കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിയുന്നുമില്ല.ആര്‍ക്കും സമാധാനവും, സന്തോഷവും ഇന്നില്ല.
ഫ്യൂഡല്‍ വ്യവസ്ഥിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നപ്പോഴും അ്ന്ന് ജനതക്ക് അല്‍പ്പമെങ്കിലും സമാധാനം കിട്ടിയിരുന്നു.എന്നാല്‍ ഇന്ന് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്ന വലിയ വലിയ കമ്പനികളുടെ സിഇഒ മാര്‍ പോലും സമാധാനമില്ലാതെയാണ് കഴിയുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തേക്കാള്‍ കൂടുതല്‍ മണിക്കൂറുകള്‍ തൊഴില്‍ ചെയ്‌തെങ്കില്‍ മാത്രമെ ജോലിപോലും നിലനിര്‍ത്താന്‍ പറ്റൂ എന്ന ഗതി വന്നിരിക്കുന്നു. ഇവിടെയാണ് സാഹിത്യത്തിന്റെ കുറവ് അനുഭവപ്പെടുന്നത്.

സാഹിത്യം കച്ചവടവല്‍ക്കരിക്കപ്പെട്ട കാലമാണിന്ന്. വിമാനത്തിന്റെ സമയക്രമത്തിന് അനുസരിച്ച് വായിച്ചു തീരാന്‍ പറ്റും വിധം നോവല്‍ രചിക്കുകയും, അത് കഴിഞ്ഞാല്‍ ഡെസ്റ്റ്ബിനില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഉപഭോഗ സംസ്‌കൃതിക്ക് ഉതകുന്ന സൃഷ്ടികള്‍ സാഹിത്യ രംഗത്തും പടച്ചുവരുന്നു. ചേതന്‍ ഭഗതിനെപോലെയുള്ള ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തിനോട് എനിക്ക് യോജിപ്പില്ല.പ്രസാധകന്‍ പറയുന്നതിന് അനുസരിച്ച് കൃതികള്‍ രചിക്കുന്ന സാഹിത്യകാരന്മാരും ഇവിടെ കഴിഞ്ഞ്‌പോകുന്നു.

ബ്ലോഗ് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളോട് ആദ്യകാലത്ത് മുഖം തിരിഞ്ഞ ഒരാളായിരുന്നു ഞാന്‍. എന്നാല്‍ 'ജീവിതത്തിന്റെ പുസ്തകം ' എന്ന എന്റെ അവസാനത്തെ പുസ്തകം രചിച്ചതോടെ ഞാന്‍ ആ മനോഭാവം മാറിയിരിക്കുന്നു. ലോകത്ത് വലിയ വിപ്ലവങ്ങളുണ്ടാക്കാന്‍ ഇവക്ക് സാധിക്കുന്നു എന്നത് അറബ് രാജ്യങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണെങ്കിലും ഇവ ഉപയോഗിച്ചുതന്നെ മുതലാളിത്തതിനെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം.

എഴുത്തില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ടായിരിക്കണം. എന്‍ എസ് മാധവന്റെ ' തിരുത്ത് ' രാഷ്ട്രീയ എഴുത്തിന്റെ ഏറ്റവും നല്ല ഉദാഹരമാണ്. ആക്ടിവിസമാണ് ഞാനുദ്ദേശിച്ചത്. ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നത്തോടുള്ള പ്രതികരണമെന്ന നിലക്കാണ് എഴുത്തില്‍ ഉണ്ടാകേണ്ടത്. എഴുത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. അല്ലാതെ കഥയും, കവിതയും കേവലം പ്രസിദ്ധീകരിക്കുക എന്നതുമാത്രമാകരുത് ലക്ഷ്യം.

എഴുത്തിനെ നവീകരിക്കാനുതകുന്ന പ്രക്രിയകള്‍ ആദ്യ കാലത്ത് ഏറെ കണ്ടിരുന്നു. എന്നാല്‍ പുതിയ എഴുത്തില്‍ ഗൗരവം കുറഞ്ഞുപോകുന്നുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഭാഷാപരമായുള്ള ആഖ്യാന ശൈലി ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ട്‌പോയിരിക്കുന്നു. ജേര്‍ണലിസത്തിലെ ആഖ്യാന ശൈലിയും കഥയുടെ ആഖ്യാനവും പരസ്പരം അറിയാതെയാണ് ഇന്ന് പലരും എഴുതികൊണ്ടിരിക്കുന്നത്. അസാ്‌നിധ്യത്തിലുള്ള ജനതയെ രംഗത്ത് കൊണ്ടുവരേണ്ടത് എഴുത്താണ്.



(പൂര്‍ണ്ണമായുള്ള ഒരു കേട്ടെഴുത്തല്ല ഇത്. കുറിച്ചെടുത്ത് പ്രസംഗ ഭാഗങ്ങള്‍ മാത്രമാണിത് )