Pages

Saturday, March 23, 2019

അപ്പം ക്ലച്ച് ഇടുമ്പം ഗിയർ അമർത്തണമല്ലേ ?

ഫ്രം റൗണ്ട് എബൗണ്ട്, ലെഫ്റ്റ്.
വലതുവശത്തെ സാറ്റിലിരുന്ന നീലയും പച്ചയ്ക്കുമിടയിലെ യൂനിഫോമും കൂളിംഗ് ക്ലാസും ക്ലീന്‍ ഷേവ് താടിയുമായ പോലീസുകാരന്‍ നിര്‍ദേശം നല്‍കി.
നിര്‍ദേശമൊക്കെ കേട്ട ഞാന്‍ ഇപ്പോഴും വലതുവശത്തെ ട്രാക്കില്‍ വണ്ടിയോടിക്കുകയാണ്.
വണ്ടി എന്നെയും കൊണ്ട് ഓടിക്കുകയായിരിക്കും എന്നുപറയുന്നതാണ് ശരി.
അങ്ങിനെ റൗണ്ട് എബൗട്ടിലേക്കെത്തി.50 സ്പീഡ് വേഗതയില്‍ വാഹനങ്ങള്‍ ഓരോദിശയിലേക്ക് കുതിച്ചുപായുകയാണ്.പിറകിലും ധാരാളം വാഹനങ്ങള്‍ വന്നുനില്‍ക്കുന്നു.
റൗണ്ട് എബൗട്ടിലെ തിരക്കൊഴിഞ്ഞിട്ട് പോവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഇടത്തോട്ട് തിരിച്ചതോടെ അറബിയിലെന്തൊക്കെയോ പറഞ്ഞ പോലീസുകാരന്‍ സ്റ്റിയറിംഗ് വലത്തോട്ട് മാറ്റി.കാലില്‍ ആക്സിലറേറ്റര്‍മാത്രമുണ്ടായിരുന്നു.പിന്നെ എവിടെയോ എങ്ങിനെയൊക്കെയോ പാര്‍ക്കിംഗ് ചെയ്യാന്‍ പറഞ്ഞു.
സ്ലേറ്റില്‍ പൂജ്യം മാര്‍ക്ക് നേടുന്ന കുട്ടിയെ പോലെ തലതാഴ്ത്തി ചെന്നു.
Fail എന്ന കോളത്തില്‍ നാലാമതും മുട്ടപോലുള്ള വട്ടം കിട്ടി.
കാറിന്‍റെ പിറകിലിരുന്നവരിലേക്ക് നോക്കിയില്ല.അവരൊക്കെ ഇപ്പോള്‍ കളിയാക്കി ചിരിക്കുന്നുണ്ടാകും.ടാക്സിയില്‍ കയറി മുറിയിലേക്ക് പോയി ഇന്നിനി പുതച്ചു കിടക്കാം.
തോറ്റല്ലേ.. എന്ന രീതിയില്‍ പാക്കിസ്ഥാനി ടാക്സിക്കാരന്‍റെ വക ഹിന്ദിയില്‍ ഡയലോഗുകൂടെ വന്നതോടെ ആ ദിവസം മാസ്സായി.
അങ്ങിനെ ആ 500 ദിര്‍ഹമും സ്വാ…..



അല്ലെങ്കിലും ഡ്രൈവിംഗിനോട് നിനക്ക് ഒരു പാഷന്‍ വന്നില്ലെന്നും ഇത് നീ ആര്‍ക്കോ വേണ്ടി ചെയ്യുന്നതാണെന്നും സഹമുറിയന്‍റെ പരാതി ഇടക്കിടെ കേള്‍ക്കാറുണ്ട്.

രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ്.
ആദ്യമൊക്കെ ലേണിംഗും പാര്‍ക്കിംഗ് ടെസ്റ്റുമെല്ലാം കടന്നുവെങ്കിലും റോഡിലിറങ്ങിയുള്ള ടെസ്റ്റ് ഒരുപാട് പണം കയറിയിറങ്ങി.

മലയാളി ഡ്രൈവിംഗ് ഉസ്താദ് ആദ്യമൊക്കെ ഒരു അധ്യാപകനാണെന്ന പരിഗണന തന്നെങ്കിലും പിന്നെ പിന്നെ ഓരോ തെറ്റുകള്‍ക്കും ചീത്തപറഞ്ഞുകൊണ്ടേയിരുന്നു.അപ്പോള്‍ മുഖം വാടും.നിര്‍ത്തിയിറങ്ങിപ്പോകാന്‍ തോന്നും.മറുത്തൊന്നും പറയാനുണ്ടാകാറില്ല.എല്ലാം നിശബ്ദമായി കേള്‍ക്കുക തന്നെ.ഇവിടെയിപ്പോള്‍ ഞാന്‍ മാഷല്ല.വെറും കുട്ടിയാണ്.ഡ്രൈവിംഗിന്‍റെ ബേസിക് പോലും അറിയാത്ത കുട്ടി.
ഞാനപ്പോള്‍ ക്ലാസില്‍ കൃത്യതപാലിക്കാത്ത, നോട്ട്ബുക്ക് കൃത്യമായി എഴുതാത്ത, പാഠപുസ്തകം കൊണ്ടുവരാത്ത കുട്ടിയെ ചീത്തപ്പറയുമ്പോള്‍ ആ കുട്ടികള്‍ക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും.

സ്റ്റിയറിഗൊന്ന് നേരെ പിടിക്ക്.
ഇതൊന്ന് നേരെ പിടിക്കാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണോ എന്ന മാമുക്കോയ സ്റ്റൈലില്‍ മൂപ്പര്‍ ഇടക്കിടെ നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കും.
അധികം ചൂടാവൊന്നും വേണ്ട, ജെ കെ കണ്‍ട്രക്ഷന്‍സിലെ ഒരു സൂപ്പര്‍വൈസാറാണ് ഞാന്‍,
ഞാനേ..പോളിടെക്നിക്കില്‍ പഠിച്ചതാ...യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതിയൊന്നും എന്നെ പഠിപ്പിക്കണ്ട എന്ന ശ്രീനിവാസന്‍ ലൈനില്‍ മറുപടിയുണ്ടെങ്കിലും അതൊന്നും പറയാന്‍ പറ്റില്ല.പകരം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇഞ്ചിയിട്ട സുലൈമാനിയും ഒരു സുഖിയനും നല്‍കി ഡ്രൈവര്‍ ഉസ്താദിനെ സുഖിപ്പിച്ചു. പക്ഷെ അതിലൊന്നും പുള്ളി വീഴാറില്ല എന്നതിന്‍റെ തെളിവായി പിന്നെയും അദ്ദേഹം പറയും.ഇത്രയും ബുദ്ധിയില്ലാത്ത മന്‍സനെ ഞാന്‍ എങ്ങിനെ പഠിപ്പിച്ചെടുക്കാനാ….എന്ന മാമുക്കോയ ലൈനില്‍ തന്നെ.

അങ്ങിനെ രണ്ടുവര്‍ഷത്തെ നീണ്ട പഠനത്തിനിടയിലെ ആറ് തവണ റോഡ് ടെസ്റ്റും കഴിഞ്ഞ് ഉമ്മയുടെയും പലരുടെയും പ്രാര്‍ഥനഫലമായുണ്ടായ ദൈവ കൃപയും പോലീസുകാരന്‍റെ ദയയും എല്ലാം ഒത്തിണങ്ങിയ ഒരു പ്രഭാതത്തില്‍ അത് ആദ്യമായി passed എന്ന കോളത്തില്‍ ടിക്ക് വീണു.