Pages

Friday, July 26, 2019

Sunday, June 9, 2019

എത്ര വര്‍ഷമായിട്ടും പിടിവിട്ടു പോവാത്ത ഉപ്പ...


അങ്ങിനെ ഒരു ആണ്ട് കൂടി കഴിഞ്ഞുപോയി.
കുടുംബക്കാരും ഉസ്താദുമാരും നാട്ടുകാരുമെല്ലാം വീട്ടില്‍ വന്നു.
അവര്‍ മൗലിദ് പാരായണം ചെയ്തു
യാസീന്‍ ഓതി ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിച്ച് ഭക്ഷണം കഴിച്ച് പിരിഞ്ഞുപോയി.
ആണ്ട്.
പെരുന്നാള്‍ കഴിഞ്ഞുള്ള ശവ്വാല്‍ മാസം.

ഉപ്പ പടിയിറങ്ങിപ്പോയിട്ട് എത്ര വര്‍ഷം എന്നത്‌പോലും ആര്‍ക്കും അറിയാന്‍ സാധിക്കാത്ത വിധം മാത്രം വര്‍ഷങ്ങള്‍ കടന്നുപോയി.
23 വര്‍ഷമെങ്കിലും ആയിക്കാണും.
പഴയ വീടിന്റെ കഴുക്കോലില്‍ എവിടെയോ ആരോ ചോക്കകൊണ്ട് എഴുതി വെച്ചിരുന്നു. വര്‍ഷവും ദിവസവുമെല്ലാം.
ഇന്ന് പക്ഷെ അത് ആര്‍ക്കും ഓര്‍മ്മയുണ്ടാകില്ല.

പക്ഷേ...
ഇന്നും മറക്കാനാവാതെ നെഞ്ചില്‍ പിടക്കുന്നുണ്ടാകും ആ രാത്രി പലര്‍ക്കും.
രാത്രി രണ്ടു മണിയോടടുത്ത നേരത്താണ് ഉറങ്ങിക്കിടന്ന കിടക്കപ്പായയില്‍ നിന്ന് ഉമ്മയുടെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്നത്.
വീട്ട് മുറ്റത്ത് ആംബുലന്‍സ് വന്നു നിന്നതോടെ ഉമ്മാക്ക് കാര്യം ബോധ്യമായിരുന്നു.
ഉപ്പ ഇനിയില്ലെന്ന്.

അന്ന് പക്ഷെ ഫോണ്‍ ഉണ്ടായിരുന്നില്ല.
രാത്രി രണ്ടു മണിയായിക്കാണും.
തായിരയിലെ പടിയാരോ അപ്പോഴേക്കും ഒഴിച്ചിരുന്നു. ആ പടിയിലേക്ക് വെള്ള പുതച്ച ശരീരം കൊണ്ടുവന്നു വെച്ചു.
സലാം കാക്കയായിരുന്നു തലഭാഗത്തുണ്ടായിരുന്നതെന്ന് മാത്രം അറിയാം.
ബാക്കിയെല്ലാം ഒരു മായപോലെ ... അമ്പരപ്പ് .

ഉപ്പ ഉറങ്ങുകയാണെന്നും അവിടെ നില്‍ക്കേണ്ടെന്നും ആരോ പറഞ്ഞു.
ശല്യപ്പെടുത്തേണ്ടെന്ന് കരുതി മാളികയിലേക്ക് കയറി.
അവിടെ ഉമ്മ എന്തിനാണെന്നറിയാതെ കരയുന്നു.
എത്രയോ മാസങ്ങള്‍ കഴിഞ്ഞാണ് ഉമ്മ പിന്നെ പുറത്തിറങ്ങിയിട്ടുള്ളത്.

രാത്രി ഇരുട്ടില്‍ മുറ്റത്താരോ ടാര്‍പായ ഷീറ്റ് കെട്ടി.
കുറെയാളുകള്‍ എവിടെ നിന്നൊക്കെയോ വരുന്നു.പോവുന്നു.
എന്താണെന്ന് പിടികിട്ടുന്നില്ല, അറിയുന്നില്ല.
ഉപ്പയാണെങ്കില്‍ എണീക്കുന്നുമില്ല.

പിറ്റെ ദിവസം നിരവധി വാഹനങ്ങള്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു.
അതിലെതോ ഒരു ജീപ്പിനടത്തുപോയി നിന്നു.
പോയതല്ലെ ആരോ അങ്ങോട്ടുകൊണ്ടുപോയതാണ്.
ആരോ മിഠായികള്‍ തന്നു.
അതും കഴിച്ച് അതുവഴി വന്ന ആളുകളെ നോക്കി നിന്നു.

ഇതിനിടെ ഉമ്മ വിളിച്ച് ബാപ്പാനെ ഉമ്മ വെക്കാന്‍ പറഞ്ഞു.
എ്ന്തിനാണെന്നൊന്നും അപ്പോള്‍ അറിയില്ല.
കര്‍പ്പൂരത്തിന്റെ മണമായിരുന്നു അപ്പോള്‍. പൗഡറും ഇട്ടപോലുണ്ട്.
പതിനൊന്നു മണിയായിക്കാണും.
പള്ളിയില്‍ നിന്നുള്ള മയ്യത്ത് കട്ടിലില്‍ അവര്‍ ബാപ്പാനെ കൊണ്ടുപോയപ്പോള്‍ കിഴക്കുവശത്തെ പനയില്‍ ചാരി നില്‍പ്പായിരുന്നു.
ബാപ്പ ഇനി വരില്ലെന്ന് ആരോ പറഞ്ഞു മനസ്സിലാക്കി.

കടയിലേക്ക് കൂടെ ഓടാന്‍,
ചാരങ്കാവിലൂടെ കറങ്ങിവരാന്‍,
ബാപ്പുട്ടികാക്കാന്റെ കടയില്‍ നിന്ന് കടല മിഠായികൊണ്ടത്തരാന്‍,
കാളകള്‍ക്ക് മുകളില്‍ കയറ്റിയിരുത്താന്‍,
തോട്ടിലേക്ക് കുളിക്കാന്‍ കൊണ്ടുപോകാന്‍,
കിടന്ന് നെഞ്ചത്ത് കയറ്റിയിരുത്തി ഫാത്തിഹ ഓതി കേള്‍പ്പിക്കാന്‍,
ഓതികൊണ്ട കുട്ടീ...എന്ന് പറയാന്‍,
ചെറിയ കുട്ടി നന്നാവില്ലേ മൊല്ലാക്കാ....എന്ന് പറഞ്ഞ് മന്ത്രിക്കാന്‍ ഏല്‍പ്പിക്കാന്‍, അങ്ങിനെയങ്ങിനെ.....

ജീവിതത്തില്‍ ഭാവിയില്‍ സഞ്ചരിക്കേണ്ട വഴി കാണിക്കാന്‍
അവിടെയിനി ആളില്ല.

ശൂന്യം.... തന്നെ..
അന്നും ഇന്നും.

ഉണ്ടാകുമ്പോള്‍ പലപ്പോഴും നാം വില തിരിച്ചറിയില്ല.
ഒന്ന് നഷ്ടപ്പെടുമ്പോഴേ,,,, അതിന്റെ വില നാം അറിയു...
അതിപ്പോള്‍ പ്രായം കുട്ടിയായാലും വയസ്സായാലും അതായിരിക്കും സ്ഥിതി.

അല്ലാഹ്...
അടുത്ത ജന്മത്തിലെങ്കിലും ഒരുമിച്ച് , സ്വര്‍ഗത്തില്‍ ഞങ്ങളെ ഒത്തൊരുമിപ്പിക്കണേ.....അല്ലാഹ്..

Saturday, March 23, 2019

അപ്പം ക്ലച്ച് ഇടുമ്പം ഗിയർ അമർത്തണമല്ലേ ?

ഫ്രം റൗണ്ട് എബൗണ്ട്, ലെഫ്റ്റ്.
വലതുവശത്തെ സാറ്റിലിരുന്ന നീലയും പച്ചയ്ക്കുമിടയിലെ യൂനിഫോമും കൂളിംഗ് ക്ലാസും ക്ലീന്‍ ഷേവ് താടിയുമായ പോലീസുകാരന്‍ നിര്‍ദേശം നല്‍കി.
നിര്‍ദേശമൊക്കെ കേട്ട ഞാന്‍ ഇപ്പോഴും വലതുവശത്തെ ട്രാക്കില്‍ വണ്ടിയോടിക്കുകയാണ്.
വണ്ടി എന്നെയും കൊണ്ട് ഓടിക്കുകയായിരിക്കും എന്നുപറയുന്നതാണ് ശരി.
അങ്ങിനെ റൗണ്ട് എബൗട്ടിലേക്കെത്തി.50 സ്പീഡ് വേഗതയില്‍ വാഹനങ്ങള്‍ ഓരോദിശയിലേക്ക് കുതിച്ചുപായുകയാണ്.പിറകിലും ധാരാളം വാഹനങ്ങള്‍ വന്നുനില്‍ക്കുന്നു.
റൗണ്ട് എബൗട്ടിലെ തിരക്കൊഴിഞ്ഞിട്ട് പോവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.ഇടത്തോട്ട് തിരിച്ചതോടെ അറബിയിലെന്തൊക്കെയോ പറഞ്ഞ പോലീസുകാരന്‍ സ്റ്റിയറിംഗ് വലത്തോട്ട് മാറ്റി.കാലില്‍ ആക്സിലറേറ്റര്‍മാത്രമുണ്ടായിരുന്നു.പിന്നെ എവിടെയോ എങ്ങിനെയൊക്കെയോ പാര്‍ക്കിംഗ് ചെയ്യാന്‍ പറഞ്ഞു.
സ്ലേറ്റില്‍ പൂജ്യം മാര്‍ക്ക് നേടുന്ന കുട്ടിയെ പോലെ തലതാഴ്ത്തി ചെന്നു.
Fail എന്ന കോളത്തില്‍ നാലാമതും മുട്ടപോലുള്ള വട്ടം കിട്ടി.
കാറിന്‍റെ പിറകിലിരുന്നവരിലേക്ക് നോക്കിയില്ല.അവരൊക്കെ ഇപ്പോള്‍ കളിയാക്കി ചിരിക്കുന്നുണ്ടാകും.ടാക്സിയില്‍ കയറി മുറിയിലേക്ക് പോയി ഇന്നിനി പുതച്ചു കിടക്കാം.
തോറ്റല്ലേ.. എന്ന രീതിയില്‍ പാക്കിസ്ഥാനി ടാക്സിക്കാരന്‍റെ വക ഹിന്ദിയില്‍ ഡയലോഗുകൂടെ വന്നതോടെ ആ ദിവസം മാസ്സായി.
അങ്ങിനെ ആ 500 ദിര്‍ഹമും സ്വാ…..



അല്ലെങ്കിലും ഡ്രൈവിംഗിനോട് നിനക്ക് ഒരു പാഷന്‍ വന്നില്ലെന്നും ഇത് നീ ആര്‍ക്കോ വേണ്ടി ചെയ്യുന്നതാണെന്നും സഹമുറിയന്‍റെ പരാതി ഇടക്കിടെ കേള്‍ക്കാറുണ്ട്.

രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ്.
ആദ്യമൊക്കെ ലേണിംഗും പാര്‍ക്കിംഗ് ടെസ്റ്റുമെല്ലാം കടന്നുവെങ്കിലും റോഡിലിറങ്ങിയുള്ള ടെസ്റ്റ് ഒരുപാട് പണം കയറിയിറങ്ങി.

മലയാളി ഡ്രൈവിംഗ് ഉസ്താദ് ആദ്യമൊക്കെ ഒരു അധ്യാപകനാണെന്ന പരിഗണന തന്നെങ്കിലും പിന്നെ പിന്നെ ഓരോ തെറ്റുകള്‍ക്കും ചീത്തപറഞ്ഞുകൊണ്ടേയിരുന്നു.അപ്പോള്‍ മുഖം വാടും.നിര്‍ത്തിയിറങ്ങിപ്പോകാന്‍ തോന്നും.മറുത്തൊന്നും പറയാനുണ്ടാകാറില്ല.എല്ലാം നിശബ്ദമായി കേള്‍ക്കുക തന്നെ.ഇവിടെയിപ്പോള്‍ ഞാന്‍ മാഷല്ല.വെറും കുട്ടിയാണ്.ഡ്രൈവിംഗിന്‍റെ ബേസിക് പോലും അറിയാത്ത കുട്ടി.
ഞാനപ്പോള്‍ ക്ലാസില്‍ കൃത്യതപാലിക്കാത്ത, നോട്ട്ബുക്ക് കൃത്യമായി എഴുതാത്ത, പാഠപുസ്തകം കൊണ്ടുവരാത്ത കുട്ടിയെ ചീത്തപ്പറയുമ്പോള്‍ ആ കുട്ടികള്‍ക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും.

സ്റ്റിയറിഗൊന്ന് നേരെ പിടിക്ക്.
ഇതൊന്ന് നേരെ പിടിക്കാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണോ എന്ന മാമുക്കോയ സ്റ്റൈലില്‍ മൂപ്പര്‍ ഇടക്കിടെ നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കും.
അധികം ചൂടാവൊന്നും വേണ്ട, ജെ കെ കണ്‍ട്രക്ഷന്‍സിലെ ഒരു സൂപ്പര്‍വൈസാറാണ് ഞാന്‍,
ഞാനേ..പോളിടെക്നിക്കില്‍ പഠിച്ചതാ...യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതിയൊന്നും എന്നെ പഠിപ്പിക്കണ്ട എന്ന ശ്രീനിവാസന്‍ ലൈനില്‍ മറുപടിയുണ്ടെങ്കിലും അതൊന്നും പറയാന്‍ പറ്റില്ല.പകരം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇഞ്ചിയിട്ട സുലൈമാനിയും ഒരു സുഖിയനും നല്‍കി ഡ്രൈവര്‍ ഉസ്താദിനെ സുഖിപ്പിച്ചു. പക്ഷെ അതിലൊന്നും പുള്ളി വീഴാറില്ല എന്നതിന്‍റെ തെളിവായി പിന്നെയും അദ്ദേഹം പറയും.ഇത്രയും ബുദ്ധിയില്ലാത്ത മന്‍സനെ ഞാന്‍ എങ്ങിനെ പഠിപ്പിച്ചെടുക്കാനാ….എന്ന മാമുക്കോയ ലൈനില്‍ തന്നെ.

അങ്ങിനെ രണ്ടുവര്‍ഷത്തെ നീണ്ട പഠനത്തിനിടയിലെ ആറ് തവണ റോഡ് ടെസ്റ്റും കഴിഞ്ഞ് ഉമ്മയുടെയും പലരുടെയും പ്രാര്‍ഥനഫലമായുണ്ടായ ദൈവ കൃപയും പോലീസുകാരന്‍റെ ദയയും എല്ലാം ഒത്തിണങ്ങിയ ഒരു പ്രഭാതത്തില്‍ അത് ആദ്യമായി passed എന്ന കോളത്തില്‍ ടിക്ക് വീണു.


Friday, February 15, 2019

റിസോട്ടുകള്‍

രാവിലെ കണ്ട പോസ്റ്റ്.
വിവരം നല്‍കേണ്ടതിന്‍റെയും സന്തോഷകരമല്ലാത്തതിന്‍റെയും എന്നാല്‍ അതറിയിക്കാത്തതിന്‍റെയും പ്രതിസന്ധിയുടെ ആഴക്കടലിലാണെങ്കിലും ഇതിവിടെ പ്രതീക്ഷയായി കിടക്കട്ടേ…

സഞ്ചാരി ഗ്രൂപ്പില്‍ ശരത് എന്നയാള്‍ ചോദിച്ച ചോദ്യവും അതിനു കമന്‍റായി വന്ന ഉത്തരങ്ങളും

Agraharam resort wayanad
Rahul Sebastian Joseph
9074010042


Greensberg resort, kulamavu

vythiri resort, Vayanad,

Nigil Raveendran www.thewavewayanad.com

https://youtu.be/M8W9o_UaX6g

Contact Anil Vilangil



Sharoy resort, vayand.

http://www.vythiriresort.com/



more in
https://www.facebook.com/groups/SanchariTravelForum/?multi_permalinks=1115648185280471&notif_id=1550162198727778&notif_t=group_highlights&ref=notif


Sunday, December 23, 2018

തനിച്ചാവുമ്പോള്‍


ഒറ്റക്കാവുമ്പോള്‍
ഉള്ളില്‍ കൂടുകൂട്ടിയ കിനാവുകള്‍
നിലാവുള്ള രാത്രിയില്‍
ആരുമറിയാതെ
പതിഞ്ഞ കാലടികളോടെ
നടക്കാനിറങ്ങും.

കൈവിരലുകള്‍ കൂട്ടിപ്പിടിച്ച്
തോളോട് ചേര്‍ന്ന്
കിണുങ്ങിയും പിച്ചിയും
വഴിവക്കിലെ
ചെടികളെ തലോടി നുളളിയും
മഞ്ഞുപെയ്യുന്ന പൂന്തോട്ടത്തിലെ
നടപ്പാതയിലൂടെ മെല്ലെ..

ചുണ്ടില്‍ അന്നുവരെ പാടാത്ത
വരികളുടെ മൂളലില്‍
മരങ്ങളിലെ കിളികള്‍ കണ്‍തുറന്ന്
അസൂസയയോടെ
നമ്മുടെ കണ്ണുകളിലേക്ക് നോക്കും.

ഫജര്‍ സ്വാദിഖിന്‍റെ
ചക്രവാള സീമകള്‍ക്കപ്പുറത്തു നിന്ന്
മഞ്ഞ്മൂടിയ മേഖങ്ങളെ വകഞ്ഞ്
ബാങ്കൊലിനാദം വന്നണയും

Tuesday, November 27, 2018

ചാറ്റ് റോബോട്ട്

Image result for robot chat

ഇന്നലെ
പുതുതായി കണ്ടെത്തി
ഒരു മെഷീന്‍.

അയക്കുന്ന സന്ദേശങ്ങള്‍ക്കെല്ലാം
മറുപടികള്‍ തന്ന്
മനസ്സ് നിറച്ചു
യന്തിരര്‍.




സ്റ്റെപ്പിനി ടയര്‍



യാത്രയില്‍ എന്നും
പിറകിലാണ് സ്ഥാനം
ഒരു ഉറപ്പിന്.

സ്ക്രൂവിട്ട് ഉറപ്പിച്ച്
കാറ്റു നിറച്ച്
ചുമ്മാതെങ്ങനെ കിടക്കും
കാല്‍ കയറ്റിവെക്കാം.

അതുവരെയുണ്ടായിരുന്ന
ഏതെങ്കിലുമൊരു ടയര്‍
പഞ്ചറാകുമ്പോള്‍ മാത്രമാണ്
റോഡിലിറങ്ങാനാകുന്നത്.

എത്രകാലമായി
പിറകിലങ്ങനെ
സ്ക്രൂവെച്ചും ആണിയടിച്ചും
ഉറപ്പിച്ച് നിര്‍ത്തിയിട്ട്,
ആരുടെയെങ്കിലും കാറ്റ് പോയാലല്ലേ..
വിലയുള്ളൂ.