Pages

Saturday, October 13, 2018

ഇഷ്ടം

നിറങ്ങളുള്ള 
വര്‍ണ്ണ ശലഭത്തേക്കാള്‍
വേഴാമ്പലാണ് ഇഷ്ടം.

എല്ലാത്തിലും പറന്ന്
ശേഖരിക്കലല്ല
ഉള്ളതിലെ സംതൃപ്തിയാണ്
വേഴാമ്പല്‍.

Wednesday, October 10, 2018

കണ്ണാടി

നീ
പറയുന്നത്
കള്ളമാണ്.

ഞാന്‍
ഇങ്ങിനെയല്ലെന്ന്
എനിക്കറിയാം

എന്നിട്ടും
നീ
എന്താണ് ഈ കാണിക്കുന്നത്.

Monday, October 8, 2018

Saturday, October 6, 2018

സ്വപ്നങ്ങള്‍


ഇളം നിലാവുള്ള
മഞ്ഞുപെയ്യുംരാവില്‍
ബന്ദിപൂര്‍ കാടിലെ
പുല്ലില്‍ കിടന്ന്
അരിച്ചിറങ്ങുന്ന നിലാവിനെ
നോക്കിയുറങ്ങാം.

വിഷമങ്ങളുടെയെല്ലാം
ആശ്വാസ കേന്ദ്രമായ
ഉമ്മായുടെ കിടക്കയില്‍
ഇരുവശം കിടന്ന്
ഉമ്മായുടെ അരുമ മക്കളാവാം


Wednesday, October 3, 2018

അടിച്ചമര്‍ത്തല്‍

അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ
ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേര്‍ത്ത്
അവള്‍ കഴുത്തു നീട്ടിക്കൊടുത്തു.

മാസമുറകളില്‍
അടിവയറ്റിലെ
പുളയുന്ന വേദനയെ കടിച്ചമര്‍ത്താന്‍
ഇത്ര പ്രയാസമുണ്ടായില്ല.

പാടില്ലെന്ന് അന്ത്യശാസനം നല്‍കിയിട്ടും
ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം
ആരോ മറുപടി നല്‍കികൊണ്ടിരുന്നു.

അകലെ നിക്കുമ്പോള്‍ ക്രൂരമായി
തോന്നിയവരൊക്കെയും
നിശ്ബ്ദതയുടെ സന്തോഷം
ആഘോഷിച്ചിരുന്നു

മരണം


മരിച്ചപോലെയങ്ങ്
മൗനമായി
മറന്ന് കളയും ചിലര്‍.

നാമോ, അവരുടെ
ഓർമ്മകളിൽ 
മരിച്ചങ്ങനെ..കഴിയും







കടപ്പാട്. ഹാരിസ്

Tuesday, October 2, 2018

അഭയം


നീയുണ്ടാകുമ്പോള്‍

എന്തിനാണ്

അഭയം തേടി വേറെ അലയുന്നത്?



ശയനത്തിന് മാടി വിളിക്കുമ്പോഴും

എങ്ങോ കാത്തിരിക്കുന്ന

അനന്തശയനത്തെ

സ്വപ്നം കണ്ട് രാവ് പകലാക്കി.

വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും

നിന്നെയോര്‍ക്കുമ്പോള്‍

അടിതെറ്റാതെയുറച്ച് കാലുകള്‍.

കാണാനായില്ലെങ്കിലും

കണ്ണുറവയുടെ തുള്ളികളില്‍

ഉപ്പു പുരട്ടിയത് നീയല്ലാതെ

വേറെയാരാണ്?



നീയുണ്ടാകുമ്പോള്‍

ഈ ചന്ദ്രനെന്ത്

നിലാവാണ്.



വരില്ലെന്നറിയുന്ന

വാഹനത്തിനായി

നീയുണ്ടാകുമ്പോള്‍

നാം കാത്തിരിക്കുന്നു.



പുഴയില്‍

നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.

അലക്ഷ്യമായി.

തുഴയാത്ത കാലത്തോളം

പുഴ തോണിയെ അക്കരെയത്തിക്കില്ല.

ശരികള്‍

ഓരോരുത്തരുടെയും
ശരികൾ
അവരുടെ അനുഭവങ്ങൾക്കും
ജീവിത സാഹചര്യങ്ങളിലും
അതിഷ്ഠിതമായിരിക്കുമത്രെ.

Monday, October 1, 2018

ഈസി

ഇക്കാലം വരെ
കൂടെയുണ്ടായിരുന്ന
എല്ലാം അറിയുന്ന
സിം 
വലിച്ചെറിഞ്ഞ്,
ഫോൺ ഫോർമാറ്റ്
ചെയ്ത്
പുതിയ സിം
ജീവിതരേയുടെ
സ്ലോട്ടിലിട്ടു.
ഇപ്പോള്‍ എല്ലാം
ശാന്തം !

അന്ധത

ദൈവമേ
ഒടുവിൽ
അവർ ജയിച്ചു.
ജയിപ്പിച്ചു.

ഞാനും നീയും
തോറ്റു.