Pages

Thursday, September 8, 2016

സമത്വം


ശരീരത്തിലെ ഏതോ ഒരു അവയവം കാണിച്ചതിനാണ്
വിദ്യാര്‍ഥിനികള്‍ അയാള്‍ക്കെതിരെ പരാതി കൊടുത്തത്.

അയാളിപ്പോള്‍ പോലീസ് കേസിലും മാധ്യമ വിചാരണയിലുമാണ്.
ക്ലാസ് മുറിയില്‍ ചില അവയവങ്ങള്‍ കാണിക്കുന്ന ടീച്ചര്‍ക്കെതിരെ എവിടെ പരാതികൊടുക്കുമെന്ന സംശയത്തിലാണ് മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍. !!

Tuesday, June 14, 2016

മതില്‍


എനിക്കറിയാം..
നിനക്കതിനാവില്ലെന്ന്
എനിക്കുമാവില്ലെന്ന് തിരിച്ചും.
നമ്മളിരുപേരും നിസ്സഹായതയുടെ
കൂടുകളിലെ കുഞ്ഞു കിളികള്‍

എങ്കിലും
നിന്‍റെയുള്ളിലുണ്ടാകും
എന്‍റെ ചെറിയ കുറുകലുകള്‍
മൗനത്തിന്‍റെ ഭാഷയില്‍ നമ്മള്‍
നോട്ടം കൊണ്ട് തീര്‍ത്തവ

നമുക്കിടയിലുണ്ട് രണ്ട് മതപര്‍വ്വങ്ങള്‍
പറന്നെത്തുവാനാകാത്ത ഉയരത്തില്‍
സങ്കുചിതമാണ് അതിന്‍റെ ശിലകള്‍
താഴ് വാരത്തിലെ പുഴയിലേക്കിറങ്ങാം.
ഒഴുകിയൊഴുകി പോകാം



Monday, May 16, 2016

പൂര്‍ത്തിയാവാത്ത കവിത

എല്ലാം ഞാനെന്തിന് ചോദിക്കണം?
പ്രത്യേകിച്ചും നീ
മനസ്സിലേക്ക് മാത്രം നോക്കുമ്പോള്‍

എന്തിനാണ് അലറി വിളിക്കുന്നത്?
മൗനം

അത്രമേല്‍ വാചാലമാകുമ്പോള്‍

ഗ്യാലറി

എല്ലാത്തിലുമില്ലേ...
ഒരു കാഴ്ചക്കാരന്‍
ഗാലറിയിലിരുന്ന് നോക്കി കാണുന്ന ആസ്വാദകന്‍.

വെടിപൊട്ടി ചിതറുമ്പോള്‍
സെല്‍ഫിയെടുത്ത്
തത്സമയം പോസ്റ്റാന്‍ വെമ്പുന്ന
ഗാലറി കാഴ്ചക്കാരന്‍.

ആക്സിഡന്‍റില്‍ തെറിച്ച
ശരീരത്തിന്‍റെ രക്തംപുരണ്ട
ചിത്രം കിട്ടാത്തതിനാണ്
എഡിറ്റര്‍ക്ക് ഫോട്ടോഗ്രാഫറോട് രോഷം

പിച്ചിചീന്തിയ ശരീരത്തെ
കുറിച്ച് വായിക്കുമ്പോഴും
അതൊക്കെ വേറെ എവിടെയോ അല്ലേ..

എന്ന കാഴ്ചയിലാണ് ഗാലറിയിലുള്ളവന്‍.

Tuesday, April 26, 2016

അധികപറ്റ്


ഏഴാമതായി അവള്‍ വന്നപ്പോള്‍
ഞങ്ങള്‍ ആണുങ്ങള്‍ക്കിടയില്‍
അവള്‍ അധികപറ്റായി.
ഇനി ഇവളെ കൂടി ...


രണ്ടാമതൊരാളുണ്ടായതാണല്ലോ
മുഴുവന്‍ അനുഭവിപ്പിക്കാനാകാതെ
വിഷമത്തിലാക്കിയത്.

ആണുങ്ങളും പണ്ടെ അധികപറ്റാണ്.

പ്രത്യുത്പാദനത്തിന് ആണെന്തിനാണ് കുന്നോളം?

Sunday, April 24, 2016

തേടിവരല്‍


" ആദ്യം അവർ പര്‍വ്വതത്തെ തേടി വന്നു
ഞാൻ മിണ്ടിയില്ല.
കാരണം ഞാൻ പര്‍വ്വതവാസിയായിരുന്നില്ല
പിന്നെ അവർ വയലുകളെ തേടി വന്നു.
ഞാൻ മിണ്ടിയില്ല
കാരണം വയലോരത്തായിരുന്നില്ലല്ലോ താമസം.
പിന്നെ അവർ പാറകളെ തേടി വന്നു.
ഞാൻ മിണ്ടിയില്ല,
കെട്ടിടം പണിയാന്‍ പാറകള്‍ എനിക്കും വേണമായിരുന്നു.
ഇപ്പോഴവര്‍ കുടിവെള്ളത്തെ തേടി വന്നു.
അപ്പോൾ ദൈവത്തോട് പ്രാ‍ര്‍ഥിക്കാന്‍
ഞങ്ങള്‍ റോഡിലേക്കിറങ്ങി നിന്നു.


ചിരി

ആരാണ് തട്ടിയെടുത്തത്?
ചിരി.
ശിശുവായിരുന്നപ്പോള്‍
കാത്തിരുന്നിരിക്കണം
തൊണ്ണ കാട്ടിയുള്ള ചിരിക്കായ്.


ശൈശവത്തിന്‍റെ രണ്ടാം ദശയിലേക്കുള്ള
യാത്രയിലെവിടെയോ
ആ ദൈവാനുഗ്രഹം ഇല്ലാതായികൊണ്ടിരിക്കുന്നു.







Saturday, April 23, 2016

മൗനം

ആരാണ് സമ്മാനിച്ചതെന്നറിയില്ല
ചെറുപ്പം മുതലെ പിടികൂടിയതാണ് മൗനം.
അഹങ്കാര ഭാവമെന്ന് ചിലര്‍
മറ്റ് ചിലര്‍ക്ക് ഇത് ഗര്‍വ്വായി.
പ്രതിഷേധമാണെന്നുമ്മ
പ്രണയമാണെന്ന് പെണ്ണ്
ഒന്നുമല്ല
ഒതുക്കിവെക്കല്‍ മാത്രമെന്നാത്മാവ്