Pages

Sunday, June 9, 2019

എത്ര വര്‍ഷമായിട്ടും പിടിവിട്ടു പോവാത്ത ഉപ്പ...


അങ്ങിനെ ഒരു ആണ്ട് കൂടി കഴിഞ്ഞുപോയി.
കുടുംബക്കാരും ഉസ്താദുമാരും നാട്ടുകാരുമെല്ലാം വീട്ടില്‍ വന്നു.
അവര്‍ മൗലിദ് പാരായണം ചെയ്തു
യാസീന്‍ ഓതി ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിച്ച് ഭക്ഷണം കഴിച്ച് പിരിഞ്ഞുപോയി.
ആണ്ട്.
പെരുന്നാള്‍ കഴിഞ്ഞുള്ള ശവ്വാല്‍ മാസം.

ഉപ്പ പടിയിറങ്ങിപ്പോയിട്ട് എത്ര വര്‍ഷം എന്നത്‌പോലും ആര്‍ക്കും അറിയാന്‍ സാധിക്കാത്ത വിധം മാത്രം വര്‍ഷങ്ങള്‍ കടന്നുപോയി.
23 വര്‍ഷമെങ്കിലും ആയിക്കാണും.
പഴയ വീടിന്റെ കഴുക്കോലില്‍ എവിടെയോ ആരോ ചോക്കകൊണ്ട് എഴുതി വെച്ചിരുന്നു. വര്‍ഷവും ദിവസവുമെല്ലാം.
ഇന്ന് പക്ഷെ അത് ആര്‍ക്കും ഓര്‍മ്മയുണ്ടാകില്ല.

പക്ഷേ...
ഇന്നും മറക്കാനാവാതെ നെഞ്ചില്‍ പിടക്കുന്നുണ്ടാകും ആ രാത്രി പലര്‍ക്കും.
രാത്രി രണ്ടു മണിയോടടുത്ത നേരത്താണ് ഉറങ്ങിക്കിടന്ന കിടക്കപ്പായയില്‍ നിന്ന് ഉമ്മയുടെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്നത്.
വീട്ട് മുറ്റത്ത് ആംബുലന്‍സ് വന്നു നിന്നതോടെ ഉമ്മാക്ക് കാര്യം ബോധ്യമായിരുന്നു.
ഉപ്പ ഇനിയില്ലെന്ന്.

അന്ന് പക്ഷെ ഫോണ്‍ ഉണ്ടായിരുന്നില്ല.
രാത്രി രണ്ടു മണിയായിക്കാണും.
തായിരയിലെ പടിയാരോ അപ്പോഴേക്കും ഒഴിച്ചിരുന്നു. ആ പടിയിലേക്ക് വെള്ള പുതച്ച ശരീരം കൊണ്ടുവന്നു വെച്ചു.
സലാം കാക്കയായിരുന്നു തലഭാഗത്തുണ്ടായിരുന്നതെന്ന് മാത്രം അറിയാം.
ബാക്കിയെല്ലാം ഒരു മായപോലെ ... അമ്പരപ്പ് .

ഉപ്പ ഉറങ്ങുകയാണെന്നും അവിടെ നില്‍ക്കേണ്ടെന്നും ആരോ പറഞ്ഞു.
ശല്യപ്പെടുത്തേണ്ടെന്ന് കരുതി മാളികയിലേക്ക് കയറി.
അവിടെ ഉമ്മ എന്തിനാണെന്നറിയാതെ കരയുന്നു.
എത്രയോ മാസങ്ങള്‍ കഴിഞ്ഞാണ് ഉമ്മ പിന്നെ പുറത്തിറങ്ങിയിട്ടുള്ളത്.

രാത്രി ഇരുട്ടില്‍ മുറ്റത്താരോ ടാര്‍പായ ഷീറ്റ് കെട്ടി.
കുറെയാളുകള്‍ എവിടെ നിന്നൊക്കെയോ വരുന്നു.പോവുന്നു.
എന്താണെന്ന് പിടികിട്ടുന്നില്ല, അറിയുന്നില്ല.
ഉപ്പയാണെങ്കില്‍ എണീക്കുന്നുമില്ല.

പിറ്റെ ദിവസം നിരവധി വാഹനങ്ങള്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു.
അതിലെതോ ഒരു ജീപ്പിനടത്തുപോയി നിന്നു.
പോയതല്ലെ ആരോ അങ്ങോട്ടുകൊണ്ടുപോയതാണ്.
ആരോ മിഠായികള്‍ തന്നു.
അതും കഴിച്ച് അതുവഴി വന്ന ആളുകളെ നോക്കി നിന്നു.

ഇതിനിടെ ഉമ്മ വിളിച്ച് ബാപ്പാനെ ഉമ്മ വെക്കാന്‍ പറഞ്ഞു.
എ്ന്തിനാണെന്നൊന്നും അപ്പോള്‍ അറിയില്ല.
കര്‍പ്പൂരത്തിന്റെ മണമായിരുന്നു അപ്പോള്‍. പൗഡറും ഇട്ടപോലുണ്ട്.
പതിനൊന്നു മണിയായിക്കാണും.
പള്ളിയില്‍ നിന്നുള്ള മയ്യത്ത് കട്ടിലില്‍ അവര്‍ ബാപ്പാനെ കൊണ്ടുപോയപ്പോള്‍ കിഴക്കുവശത്തെ പനയില്‍ ചാരി നില്‍പ്പായിരുന്നു.
ബാപ്പ ഇനി വരില്ലെന്ന് ആരോ പറഞ്ഞു മനസ്സിലാക്കി.

കടയിലേക്ക് കൂടെ ഓടാന്‍,
ചാരങ്കാവിലൂടെ കറങ്ങിവരാന്‍,
ബാപ്പുട്ടികാക്കാന്റെ കടയില്‍ നിന്ന് കടല മിഠായികൊണ്ടത്തരാന്‍,
കാളകള്‍ക്ക് മുകളില്‍ കയറ്റിയിരുത്താന്‍,
തോട്ടിലേക്ക് കുളിക്കാന്‍ കൊണ്ടുപോകാന്‍,
കിടന്ന് നെഞ്ചത്ത് കയറ്റിയിരുത്തി ഫാത്തിഹ ഓതി കേള്‍പ്പിക്കാന്‍,
ഓതികൊണ്ട കുട്ടീ...എന്ന് പറയാന്‍,
ചെറിയ കുട്ടി നന്നാവില്ലേ മൊല്ലാക്കാ....എന്ന് പറഞ്ഞ് മന്ത്രിക്കാന്‍ ഏല്‍പ്പിക്കാന്‍, അങ്ങിനെയങ്ങിനെ.....

ജീവിതത്തില്‍ ഭാവിയില്‍ സഞ്ചരിക്കേണ്ട വഴി കാണിക്കാന്‍
അവിടെയിനി ആളില്ല.

ശൂന്യം.... തന്നെ..
അന്നും ഇന്നും.

ഉണ്ടാകുമ്പോള്‍ പലപ്പോഴും നാം വില തിരിച്ചറിയില്ല.
ഒന്ന് നഷ്ടപ്പെടുമ്പോഴേ,,,, അതിന്റെ വില നാം അറിയു...
അതിപ്പോള്‍ പ്രായം കുട്ടിയായാലും വയസ്സായാലും അതായിരിക്കും സ്ഥിതി.

അല്ലാഹ്...
അടുത്ത ജന്മത്തിലെങ്കിലും ഒരുമിച്ച് , സ്വര്‍ഗത്തില്‍ ഞങ്ങളെ ഒത്തൊരുമിപ്പിക്കണേ.....അല്ലാഹ്..