Pages

Saturday, May 13, 2017

ഇന്നത്തെ ചിന്ത- ജീവിതമില്ലായ്മ

Apolitical intellectuals
of my sweet country,
you will not be able to answer.

A vulture of silence
will eat your gut.

Your own misery
will pick at your soul.

And you will be mute in your shame - Otto Rene Castillo

ജീവിതത്തെ കുറിച്ചെഴുതുന്നത് എന്തോ മോശകരമായ പ്രവൃത്തിയാണത്രെ..
ഫിലോസഫി.. ബുദ്ധി ജീവി , ചിന്തകന്‍ എന്നൊക്കെ മുദ്രകുത്തി നിങ്ങളെ അവര്‍ നിരുത്സാഹപ്പെടുത്തും.
കാരണം ചില സത്യം പറയുന്നവരെ ആര്‍ക്കും ഇഷ്ടപ്പെടില്ല.അല്ലെങ്കിലും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ക്രമമപ്പെടുത്തുന്നതാണല്ലോ നമ്മുടെ ജീവിതം.
ഉപരിപ്ലവമായി സംസാരിക്കുക, ആഴത്തിലേക്ക് ഇറങ്ങാതിരിക്കുക എന്നൊക്കെയാണ് അധികപേര്‍ക്കും ഇഷ്ടം.അല്ലാത്തപക്ഷക്കാര്‍ അറുബോറന്മാരാണത്രെ...

എന്നാണ് ഇനി നമ്മള്‍ ജീവിക്കുക ?
നാളെകളെ കുറിച്ചുള്ള ആശങ്കകളില്‍, വേവലാതികളില്‍ തളക്കപ്പെട്ടതായിരിക്കും വര്‍ത്തമാനകാലത്തെ ജീവിതം.പ്രവാസിയെപ്പോലെ..
നാളെകളിലെ ജീവിതത്തെ പ്രതീക്ഷിച്ച് വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ മറന്നുപോകുന്നവര്‍,
സമ്പാദിക്കുകയാണ്. നാളെകളില്‍ സന്തുഷ്ട ജീവിതം നയിക്കാമെന്ന മോഹത്തില്‍. പക്ഷെ നാളെകള്‍ ഉണ്ടാകുന്നുണ്ടോ?
ഇല്ല. പകരം ജീവിതം ഒരു ചക്രത്തെപ്പോലെ കറങ്ങിയതു തന്നെ
കറങ്ങിക്കൊണ്ടിരിക്കുന്നു.

ഇനി നാളെകള്‍ ഉണ്ടാകുകയാണെങ്കില്‍പോലും നൈമിഷകമല്ലേ അത്.നെഞ്ചില്‍ ഒരു വേദന വന്ന് നിമിഷ നേരം കൊണ്ട് ശ്വാസം അവസാനിക്കുന്നതോടെ ശവമായി , വൃത്തികെട്ട മണം വരുന്ന നൈമിഷികത. കഴിഞ്ഞ ദിവസങ്ങളില്‍ ഷാര്‍ജയിലും ദുബൈയിലുമൊക്കെയായി ഹൃദയാഘാതം വന്ന് മരണപ്പെട്ട രണ്ട് പേരുടെ പ്രായം 27നു താഴെയാണ്. നാളെകളെ സ്വപ്നം കണ്ട് , ദേശം വിട്ട് അന്യ ദേശത്ത് വന്ന് ജീവിതമില്ലാതെ ഒന്നുമാവാതെ പോകുന്നവര്‍.

ഇന്നു കഴിഞ്ഞാല്‍ ഇന്ന് .
നാളെ എണീറ്റാല്‍ നിങ്ങളുടെ ഭാഗ്യം.
അല്ലെങ്കില്‍ ഈ ലോകത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
ലോകം നിങ്ങളില്ലെങ്കിലും പതിവ് പോലെ തന്നെ മുന്നോട്ട് പോകും.

എന്നിട്ടാണ് നാളെകളുടെ ജീവിതത്തിലേക്ക് നാം കണ്ടീഷനുകള്‍ വെക്കുന്നത്, ആശങ്കപ്പെടുന്നത്.മൂക്കില്‍ പന്നിവെക്കുന്നതിനെ കുറിച്ച് മാത്രം ആലോചിച്ചാല്‍ അവസാനിക്കുന്നതാണ് ഏത് ആശങ്കകളും. സമൂഹം അത്തരം ആകുലതകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതില്‍ വേപഥുപൂണ്ട് കാലത്തെ നാം നഷ്ടപ്പെടുത്തുന്നു. ജീവിതത്തിലെ ഏറ്റവും നല്ല സുവര്‍ണ്ണകാലമായ യുവത്വം അങ്ങിനെ വൃതാവിലാകുന്നു. നമ്മള്‍ നമ്മളെ തന്നെ ഉരുകി, ഉരുക്കി ഇല്ലാതാക്കുന്നു. ഒടുവില്‍ ചണ്ടിയായി, തൊലി ചുളിഞ്ഞ് നില്‍ക്കുന്ന കാലം വരുമ്പോള്‍ സമൂഹം ആകുലതകളെ അവസാനിപ്പിച്ച് നിയമങ്ങള്‍ മാറ്റുമ്പോഴേക്കും നിങ്ങള്‍ മറ്റൊരു കാലത്തിലെത്തിയിരിക്കും. ഒന്നിനും കൊള്ളാത്ത കാലം. പിന്നീട് നാം കഴിഞ്ഞ കാലത്തെ ശപിക്കും. നിമയങ്ങളെയും നിയമങ്ങളുണ്ടാക്കിയവരെയും ശപിക്കും. ലളിതമായ ജീവിതത്തെ സങ്കീര്‍ണ്ണമാക്കിയവരോട് അരിശം കൊള്ളും. അല്ലാതെ വേറെന്ത് ചെയ്യാന്‍ …

കുട്ടിയായിരിക്കുമ്പോഴല്ലേ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് ? ഭാവിയുടെ ആശങ്കകളില്ല, ഭൂതകാലത്തിന്‍റെ ഓര്‍മ്മകളുടെ വേട്ടയാടലില്ല.അതുകൊണ്ട് കുട്ടിയാരിക്കുക.
യുവത്വത്തിലും വാര്‍ദക്യത്തിലും എത്തിയാല്‍ എങ്ങിനെയാണ് ഇനി കുട്ടിയായി മാറുക.ശാരീരികമായി അത് അസാധ്യമെങ്കിലും മാനസികമായി പ്രണയത്തിലും സ്നേഹത്തിലുമാകുമ്പോള്‍ ഒരാള്‍ കുട്ടിയായോ പൈങ്കിളിയായോ മാറുന്നു.

ഓഷോ പറയുന്നു.

നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഒരു ശതമാനം മാത്രമേ ജീവിക്കുന്നുള്ളൂ.ബാക്കി 99 ശതമാനവും അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. എപ്പോഴാണ് നിങ്ങള്‍ തയ്യാറെടുപ്പുകളേറെ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നത്.അപ്പോള്‍ മാത്രമാണ് നിങ്ങള്‍ യഥാര്ത്ഥത്തില്‍ ജീവിക്കാന്‍ തുടങ്ങുന്നത്. അതിനാല്‍ സ്നേഹിക്കുക.സ്നേഹം കടന്നുവരുന്നത് നല്‍കുന്നതിലൂടെയാണ്.അതു നമ്മുടെ തന്നെ പ്രതിധ്വനിയാണ്. ത്യാഗമാണ് അതിന്‍റെ അടിസ്ഥാനം. എത്രത്തോളം വിട്ട് വീഴ്ച ചെയ്യുന്നു, എത്രത്തോളം താഴുന്നു, കാത്തിരിക്കുന്നു എന്നതൊക്കെയാണ് അതിന്‍റെ നിദാനശാസ്ത്രം.