Pages

Saturday, May 6, 2017

മൗനങ്ങളില്‍ രൂപപ്പെടുന്ന ഭാഷ

ചില സമയത്ത് മൗനം നല്ല മറുപടിയാണ്.
പക്ഷെ ഒരാള്‍ക്ക് സ്വന്തം ഇംഗിതപ്രകാരം വ്യാഖ്യാനിക്കാന്‍ കഴിയും എന്നൊരു ദോഷം അതിനുണ്ട്.അതുകൊണ്ട് എന്തായാലും മനസ്സ് തുറക്കുക എന്നതാണ് ഉചിതമായ മാര്‍ഗം. ( ബെന്യാമിന്‍- അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി).അഹങ്കാരമല്ല. ബെന്യാമിനു മുമ്പെ ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.

ചില ദിവസങ്ങളില്‍ അവള്‍ ചോദിക്കും. ഞാന്‍ അതിനാരാ ? മാരകമായ രോഗം വന്നാല്‍ നീ എന്ത് ചെയ്യും? എല്ലാകാലത്തും സ്നേഹം നിലനില്‍ക്കുമോ?
എന്നും നീയെന്നെ ഇതുപോലെ സ്‍നെഹിക്കുമോ ? പെണ്‍കട്ടികളുടെ സ്ഥിരം ചോദ്യങ്ങളോ ആശങ്കകളോ ആണോ ഇത് ? അതോടെ മനസ്സിലേക്ക് കൂരമ്പുകള്‍ തറക്കും. എല്ലാ കാലത്തും സ്നേഹം നിലനില്‍ക്കുമോ എന്ന ചോദ്യം ഞാനും പലരോടും ചോദിച്ചതാണ്. ഉത്തരം കിട്ടാത്തത് കൊണ്ട് ദൈവത്തിനും പ്രാര്‍ഥനക്കും വിടുകയാണ് പതിവ്. എല്ലാം അങ്ങ് ഭാരമേല്‍പ്പിച്ചാല്‍ പിന്നെ ഒരാശ്വാസമാണല്ലോ.. എത്രയായാലും ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ അവരോടുള്ള സ്നേഹം കുറക്കാനാകില്ലല്ലോ.. അല്ലെങ്കിലും സ്നേഹത്തിന് വേണ്ടിയാണ് എല്ലായിടത്തും കലാപം. വിവാഹ ശേഷം സ്നേഹം മാതാവിനും ഇണക്കും പങ്കുവെക്കുന്നതിലെ തന്ത്രത്തിലാണ് പുരുഷന്‍റെ വിജയം.

അവന് എന്നിട്ടും ആശ്വാസമായില്ല-
എനിക്കറിയില്ല എനിക്കെന്തോ ഒരു പേടി.. ഞാനെന്റെ നിയന്ത്രണങ്ങളെല്ലാം വിട്ട് നിന്നെ സ്‍നേഹിക്കുകയാണ് വല്ലാതെ ഞാന്‍ നിന്നെ ആശ്രയിക്കുന്നു.ചിലപ്പോഴൊക്കെ ഒരു കുട്ടിയായി മാറുന്നില്ലേ..
അറിഞ്ഞുകൊണ്ടല്ല എങ്കിലുംഒരിക്കല്‍ നീയില്ലാതെ വന്നാല്‍ നീയെന്നെ പരിഗണിക്കാതെ വന്നാല്‍ പിന്നീടുള്ള ജീവിതം ?

അത്തരം ഘട്ടങ്ങളില്‍ അവന്റെ മനസ്സിലെ ആരുമറിയാത്ത നൊമ്പരങ്ങളെ തഴുകി സാന്ത്വനിപ്പിച്ചു. അവന്റെ സ്വപ്നങ്ങള്‍ പങ്കുവച്ചു.അറിയാതെ അവന്റെ കൂട്ടുകാരിയായി, പെങ്ങളായി, അമ്മയായി, ചിലപ്പോഴൊക്കെ കാമുകിയും.അവന് അവള്‍ വലിയൊരാശ്രയമായിരുന്നു. അവളുടെ ശബ്ദവും രൂപവും സാന്നിധ്യവും അവനെ വല്ലാതെ സ്വാധീനിച്ചു.

മെസേജുകളോടുള്ള തണുത്ത പ്രതികരണം ശരിക്കും അത്ഭുതപ്പെടുത്തുന്നു.നാം അപരിചിതരല്ല.ഒന്നര വര്‍ഷമെങ്കിലും ആയിക്കാണും.എന്നിട്ടും കോള്‍ ഒന്ന് കട്ടായിപ്പോയാല്‍, മെസേജുകള്‍ക്ക് മറുപടി വൈകുമ്പോള്‍ നെഞ്ചിടിപ്പിന്‍റെ താളം കേള്‍ക്കാം.ഫേസ് ബുക്കില്‍ ആഗ്നേയ ഫാത്തിമ എഴുതിയ വരികളെ നമ്മുടെ അനുഭവത്തിലേക്ക് എഡിറ്റ് ചെയ്താല്‍ താഴ കുറിച്ചിട്ട വരികളെപ്പോലെയായിരിക്കും.

ഈ ഭൂമിയിൽ നീയുണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തില്‍ സന്തോഷത്തോടെ കഴിയുന്നുണ്ട്. നിന്നെ ഒരു നോക്ക് കണ്ടാല്‍ മാത്രം മനസ്സിലുള്ള എല്ലാ ടെൻഷനും പോയി റിലാക്സ് തോന്നാറില്ലേ?എത്ര പാതിരാവില്‍ ഞെട്ടിയുണര്‍ന്നാലും മെസ്സേജ് ബോക്സ് തുറന്നാൽ ആദ്യം നിന്‍റെ മെസ്സേജ് പരതുന്നവന്‍,നൂറുകണക്കിനു കോണ്ടാക്റ്റുകൾക്കും, ആയിരക്കണക്കിനു സൌഹ്രൃദങ്ങൾക്കും നടുക്കും നിങ്ങളുടെ ഒരു വിളിക്കോ മെസ്സേജിനോ മാത്രം ആയി കാത്തിരിക്കുന്നവന്‍, പ്രായവും, സങ്കടങ്ങളും മുഖത്തെ കുരുക്കളും നൽകിയ രൂപങ്ങളൊന്നും നോക്കാതെ നിന്‍റെ മുഖവും, ചിരിയുമാണ് ലോകത്തേറ്റവും സുന്ദരം എന്ന് കരുതുന്നവനായി കഴിയുന്നുണ്ടെന്നൊക്കെ ആരറിയുന്നു.