Pages

Sunday, December 3, 2017

ഡിസംബര്‍ 2

3-12-17
3 am
അങ്ങിനെ വീണ്ടും ഒരു ഡിസംബര്‍ രണ്ടു കൂടി കടന്നുപോയി. സമയമിപ്പോള്‍ പുലര്‍ച്ചെ 3 മണിയാവാറായിരിക്കുന്നു.അടുത്തിടെയായി 3 am thoughts ആണ് കടന്നുവരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഡിസംബര്‍ രണ്ടിന് കോണ്‍ണിഷിലെ തീരത്തോടു ചേര്‍ന്നുള്ള കല്‍മുകളിലിരുന്ന് സ്വപ്നങ്ങള്‍ കാണുകയായിരുന്നു.
ഒറ്റക്ക്.
ഇത്തവണ പക്ഷെ ഒറ്റക്ക് പോകാന്‍ കൂട്ടുകാര്‍ വിട്ടില്ല.എങ്കിലും ആ കല്‍ തറകളിലൂടെ നടന്നു.കടല്‍ ഭിത്തിയിലൊന്നിലിരുന്ന് കഴിഞ്ഞ വര്‍ഷത്തെ ഡിസംബറിനെ ഓര്‍ത്തു.
അഞ്ചു വര്‍ഷം കാത്തു നില്‍ക്കാനാകുമോ?
എന്തോ… അധികം ആലോചിക്കേണ്ടി വന്നില്ല.
കുടുംബം, ബന്ധങ്ങള്‍ എല്ലാം മറന്ന്, അഞ്ചല്ല, കാലങ്ങള്‍ കാത്തിരിക്കാം.
ഒരൊറ്റ വാക്കു മാത്രം നല്‍കാനാകുമോ?
അഞ്ചു വര്‍ഷത്തിന് ശേഷം വരാമെന്ന ഒരൊറ്റ വാക്കു മാത്രം.

അതിനെന്താ..
അന്ന് 45 മിനുട്ടുവോളം സംസാരിച്ചതിന് പകരം ഇന്ന് ആ സമയം ഹൃദയം മൗനത്തോടാണ് സംസാരിച്ചതെന്ന് മാത്രം. എന്താണ് ജീവിതമിങ്ങനെ ഒരേ ദിശയിലൂടെ ആവര്‍ത്തനം നടത്തുന്നത്.

കാതടപ്പിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണ്‍ മുഴക്കി കാറുകളും വിലകൂടിയ വാഹനങ്ങള്‍ നിരത്തിലൂടെ ഓടുന്നത് ഇത്തവണയും കണ്ടു. റോഡിലാകെ വര്‍ണ്ണ ബലൂണുകള്‍.രാജ്യം അതിന്‍റെ 46ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. എല്ലാവരും ആഹ്ലാദത്തില്‍.അവധി കിട്ടിയ സന്തോഷത്തില്‍ എല്ലാവരും പുറത്തേക്കിറങ്ങിയിട്ടുണ്ട്.
ആ കൂട്ടത്തില്‍ എവിടെയെങ്കിലും ചില മുഖങ്ങളെ കാണാനാകുമോ ….?

റോഡിലൂടെ നടക്കുമ്പോള്‍, കൂട്ടുകാരോടൊത്ത് കളിക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ആരെങ്കിലും നോക്കുന്നോ എന്നാലോചിക്കും. എവിടെ…
ഇവിടെ നിന്ന് അല്‍പ്പം നടന്നാല്‍ എത്തിച്ചേരാവുന്ന ഇടമായിട്ടും..
കുടുംബങ്ങളെ, സമൂഹത്തെ, നന്മ-തിന്മകളെ കുറിച്ചെല്ലാം ആലോചിച്ച് മൗനത്തില്‍ കടിച്ചമര്‍ത്തും.

രാത്രിയുടെ യാമങ്ങളായിട്ടും നാമെന്താണ് നഷ്ട സ്വപ്നങ്ങളെ കുറിച്ചാലോചിക്കുന്നത് ?
എത്രകാലമിത് വേട്ടയാടും?
എന്തേ… ജീവിതമിങ്ങനെ സങ്കീര്‍ണ്ണമായി മാറുന്നത്.

ജീവിതത്തില്‍ വരാന്‍ പോകുന്നവരാരോ… അവരോട് പറയുവാനുള്ളത് ഇതാണ്.
2017 ലെ ഡിസംബറിലൊക്കെ ഇതായിരുന്നു അവസ്ഥ.
തുറന്ന പുസ്തകമായി കിടക്കട്ടേ…
അറിയാം, ഏറെ അപകടം പിടിച്ചതാണ് ഈ എഴുത്തെന്ന്.
എല്ലാം മറച്ചുവെക്കുന്ന കപട ബോധത്തിന് പകരം തുറന്ന പുസ്തകത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നവരാവണേ… കാരണം , ഇതിനകം വിടവാങ്ങിയാല്‍ ആ മയ്യിത്തിന്‍റെ കനത്തേക്കാള്‍ അതിന്‍റെ പറയാതെ പോയ ഹൃദയ വേദന നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല.


I don't know they realise
how sleepless nights
can affect me.
How overthinking slowly
kills me,
I don’t know, how can turn our mind
into thoughts you wish.