Pages

Saturday, June 17, 2017

വസന്തം ശിശിരത്തിലേക്ക്

ഇന്ന് ശനിയാഴ്ച.
അടുത്ത ഈ ദിവസം എനിക്ക് ഈ നഗരം വിട്ട് പോകണം.
എല്ലാ വര്‍ഷവും മടക്ക ടിക്കറ്റ് കൂടി എടുത്താണ് പോകാറുള്ളത്. എന്നാല്‍ ഇത്തവണ അതെടുത്തിട്ടില്ല.തിരിച്ച് വരേണ്ടെന്ന് കരുതിയിട്ടാ...
ഇനി ഞാനെന്തിന് ഈ നാട്ടിലേക്ക് തിരിച്ചുവരണം?
ജോലിയും ശംബളവും പണവും പ്രതാപവുമൊക്കെ ഇനി എന്തിന് ?
ആത്മാഹ് തളര്‍ന്ന് ഇനി ഈ നാട്ടില്‍ ജീവിക്കുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത് ?
ഓരോ ദേശവും നമ്മളെ നാം അറിയാതെ മാറ്റികൊണ്ടിരിക്കുകയാണ്.

ഞാനെന്നത് ഗോതമ്പിന്‍റെ നിറമുള്ള തൊലിയുള്ള ഒരു ശരീരം മാത്രമാണോ? അതിനുള്ളിലൊരു ആത്മാവോ മനസ്സോ ഇല്ലേ? ഉണ്ടെങ്കില്‍ അതിന് ജീവന്‍ വേണം. അല്ലാതെ പാതി ജീവിച്ച് ഇവിടെ കഴിയുന്നതിനേക്കാള്‍ നല്ലത് ആത്മശാന്തി ലഭിക്കുന്ന ഇടത്തേക്ക് പോവുകയായിരുന്നു നല്ലതെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. പക്ഷെ മതം അത് വിലക്കുന്നു. അതു മാത്രമല്ല അങ്ങിനെ പലതും മതത്തിന് വേണ്ടി ആഗ്രഹങ്ങളെ , താത്പ്പര്യങ്ങളെ അടിച്ചമര്‍ത്തി ഞാന്‍ എന്നെ തന്നെ കൊല്ലുന്നു. ഇന്നള്ളാഹ മഴസ്സാബിരീന്‍. നാളെ അതിന് നാഥന്‍ പ്രതിഫലം തരുമത്രെ.. നാഥന്‍റെ ആ പ്രതീക്ഷകളിലാണല്ലോ തുടര്‍ ജീവിതം.
ജീവിതം പ്രതീക്ഷകളിലാണ് എന്ന് പറയുന്നത് ഇങ്ങിനെത്തെ സാഹചര്യത്തിലും ഏറെ ശരിയല്ലേ...


ഇങ്ങോട്ട് വന്നപ്പോഴുള്ള സ്വപ്നമല്ല അങ്ങോട്ട് പോകുമ്പോഴുള്ളത്. ജന്മം പോലെ തന്നെയാണത്.ജീവിതമാകുന്ന പ്രവാസ ലോകത്ത് നമുക്ക് അധിക കാലം ജീവിക്കാനാകില്ലല്ലോ..
( ചിലര്‍ വന്ന വഴികളും മത തത്വങ്ങളും മറക്കുന്നുണ്ടെന്നത് കാര്യം. പറഞ്ഞിട്ടെന്ത് ചെയ്യാന്‍... അന്തിമ ഫലം നാശമായിരിക്കുമല്ലേ...)
ഈ ഇടവേളയില്‍ നാം പലതുമാകുന്നു.പലതിനോടും പ്രണയിക്കുന്നു.പിന്നെ പിരിഞ്ഞു പോകുമ്പോള്‍ അവയെല്ലാം ഇട്ടേച്ചുപോകണം.അതു നമുക്കാര്‍ക്കും ഇഷ്ടമല്ല.പ്രത്യേകിച്ച് ഈ ലോകത്തെ പ്രണയിച്ചവര്‍ക്ക്.പ്രവാസ ലോകത്തെ ഈ ജന്മവും അങ്ങിനെയൊക്കെ തന്നെ.. ഇവിടെ നാം പ്രണയിച്ച ഒരാളുണ്ട്. വിലകൊടുത്തുവാങ്ങാനാവില്ല എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശിശുവിനെപ്പോലെ നാം കീഴ്പ്പെട്ട്കൊണ്ടിരിക്കും.

നിന്‍റെ വായനയാണ് നിന്നെ നശിപ്പിച്ചതെന്ന് ഉമ്മ പറയാറുണ്ട്.എത്രയോ ശരിയാണത്. നിങ്ങള്‍ വായിക്കരുത്.കാരണം ചില വായനകളില്‍ അതു നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കണ്ടെത്താനാകും.സ്വാഭാവികമായും ആ കൃതി, എഴുത്തുകാരന്‍ എല്ലാം നിങ്ങളെ ഹഠാതാകര്‍ഷിക്കും.
അത്തരത്തിലുള്ള കൃതിയാണ് ഇപ്പോള്‍ വായിച്ചു തീര്‍ന്നത്.
പുസ്തക വായനയേ ഇപ്പോള്‍ കുറവാണ്. കൊല്ലത്തില്‍ രണ്ടോ മൂന്നോയൊക്കെ മാക്സിമം.ഇപ്പോള്‍ കയ്യില്‍പ്പെട്ടത് പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി.

എന്താഗ്രഹിച്ചു ഞാനിവിടെ ജീവിച്ചുവോ അത് നടക്കാതെ പോകുന്നതിന്‍റെ ഖേദം കടല്‍ മഴപോലെ എന്നെ ബാധിച്ചു. ജാസ്മിന്‍റെ അകല്‍ച്ചക്കും നിശബ്ദതക്കും കാരണം എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞതേയില്ല.ഞാനിവിടെയുണ്ടെന്ന് അവള്‍ക്കറിയാം. എന്നിട്ടും അവള്‍ക്കൊന്ന് വിളിക്കാന്‍ തോന്നിയില്ല.അതിനര്‍ഥം അവള്‍ക്കെന്നെ കാണുകയും സംസാരിക്കുയും വേണ്ട എന്നല്ലേ..? പിന്നെ എന്തിനായിരുന്നു ഈ വരവ് ? ഈ സൗഹൃദം? സന്ദേശങ്ങള്‍ ? ഫോട്ടോ അയപ്പുകള്‍? ഈ വിശേഷം പറച്ചിലുകള്‍.

ജീവിതത്തില്‍ നിന്ന് മുറിഞ്ഞുപോയെന്ന് കരുതി പാതി ചത്ത ശരീരവുമായാണ് ഒരവധിക്കാലത്ത് ഞാന്‍ തിരിച്ച് വീണ്ടും വിമാനം കയറുന്നത്. നിരാശ താടിരോമങ്ങളായി വളര്‍ന്നിരുന്നു.ഇനി എന്ത് എന്നൊരു വിരസത എത്ര മാറ്റിയിട്ടും നിഴലിച്ചു നിന്നു. എത്രയോ ദിവസങ്ങളിലെ വിശേഷം പറച്ചിലിന് ശേഷം ദൂതനായി അടുത്ത ദൂതനെ അവളുടെ വീട്ടിലേക്ക് അയച്ചിരുന്നു.അതിനിടെ എത്രയോ ആലോചനകള്‍ വന്നു.അതിലൊരു കുട്ടിയെ കുടുംബങ്ങള്‍ക്കെല്ലാം ഏറെ ഇഷ്ടമായിരുന്നു.ആ കുട്ടിക്കും.ഇഷ്ടമാവാത്തത് കൊണ്ടല്ല... രണ്ടു തോണിയില്‍ കാലിടാന്‍ പാടില്ലല്ലോ..
അവര്‍ക്ക് മറുപടി കൊടുത്തില്ല.അതിന് മുമ്പെ അന്വേഷിച്ചുപോയ സുഹൃത്തിന്‍റെ മറുപടി കിട്ടാനുണ്ടായിരുന്നു.അത് വൈകികൊണ്ടേയിരുന്നു.പഞ്ചാബില്‍ നിന്ന് വന്ന ശേഷം വിവരം കൊടുക്കാമെന്ന് പറഞ്ഞ് നീട്ടി.തിരിച്ചു വന്നിട്ടും കുടുംബങ്ങള്‍ തന്‍റെ മറുപടിക്കായി കാത്തിരുന്നു.സമ്മര്‍ദ്ദം സഹിക്കാനാവാതെ വേണ്ടെന്ന് വെച്ചു.വൈകാതെ സുഹൃത്തിന്‍റെ മറുപടി വന്നു. നീ പറഞ്ഞ കുട്ടിക്ക് ഈ ആലോചന വേണ്ടെന്ന്..
ഒന്നും മനസ്സിലായില്ല.മനക്കോട്ട കെട്ടിയ എന്നെതന്നെ കുറ്റം കണ്ടെത്തി ബോധിപ്പിച്ചെടുക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു. വലിയപാറയുടെ മുകളില്‍പോയി ഏകാന്തനായിരുന്നു എല്ലാം കരഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചു. കൂട്ടുകാര്‍ക്കിടയില്‍ പരിഹാസ കഥാപാത്രമായി.എല്ലാത്തിനും സമാധാനമായി ദൈവ വചനങ്ങളില്‍ അഭയം തേടി..
വിധിയെ കുറിച്ച് , ക്ഷമയെ കുറിച്ച് അങ്ങിനെ ഒരുപാടൊരുപാട് പഠിച്ച് വരികള്‍ ഉരുവിട്ട് ഒരു വിധം നിയന്ത്രണ വിധേയമായി.
എന്തെടാ.. ഇത്തവണയും ഇല്ലല്ലേ.. സഹപ്രവര്‍ത്തകര്‍ മുതല്‍ കുട്ടികള്‍ വരെ ചോദ്യമുയര്‍ന്നു.

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും വസന്തം വന്നിറങ്ങി. വിരസവും വരണ്ടതുമായ ഈ മരുഭൂമിയില്‍ പൂന്തോപ്പ് വിടര്‍ന്നു.എന്നിലെ ശലഭങ്ങള്‍ ആ പൂന്തോപ്പിലേക്ക് പറന്നു തുടങ്ങി. ചിറകു വെച്ചു.വേഷങ്ങളില്‍ വര്‍ണ്ണമായി.
അവഗണയുടെ കാരണമന്വേഷിച്ച് ‍ഞാനാണ് തുടങ്ങിയതെങ്കിലും ഒരിക്കല്‍ അവള്‍ ചോദിച്ചു.എന്താ പരിപാടിയെന്ന് , പിന്നൊരിക്കല്‍.. I want to talk to you...
അതുവരെ എഴുത്തുകുത്തുകളായിരുന്ന എന്നിലേക്ക് ആദ്യമായി വളരെയധികം പേടിച്ച്, അവളുടെ നാഥമെത്തി. ഭയം സഹിക്കാനാവാതെ ഒരു മിനുട്ട് മുമ്പേ... അത് കട്ടാക്കി. പിന്നെ പതിയെ പതിയെ ഞാനെന്താണന്നറിഞ്ഞു. ഇന്നലെ വരെ ഉറക്കിലും ഉണര്‍വിലുമെല്ലാമായി അവളങ്ങിനെ നിറഞ്ഞു നിന്നു... ഞാന്‍ വേറെന്തൊ ലോകത്തെത്തിയപോലെ.. കോലം മാറി, വേഷം മാറി. കാഴ്ചകളും കാഴ്ചപ്പാടുകളും . ഇപ്പോള്‍ എല്ലായിടവും പൂന്തോട്ടമാണ്.നിറയെ പൂമ്പാറ്റകളും.എല്ലാവരും നല്ലവരാണ് ..അങ്ങിനെ.യങ്ങിനെ..

വസന്തം ശിശിരത്തിന് വഴിമാറുകയാണോ?
വസന്തത്തിന്‍റെ ആവര്‍ത്തന വിരസതയാണോ ശിശിരത്തിലേക്ക് വഴിമാറുന്നത്.അല്ലെങ്കില്‍ എന്താണ് എല്ലാകാലത്തും വസന്തം നിലനില്‍ക്കാത്തത് ?.

ഇപ്പോള്‍ ഒരു ഒളിച്ചുകളിയാണ്. കുട്ടിക്കാലത്തെ ഈ കളി കളിക്കുമായിരുന്നു. ഞാന്‍ വരുന്ന വഴികളില്‍ നിന്ന്, പോകുന്ന പാതകളില്‍ നിന്നെല്ലാം മാറി നിന്ന്. പക്ഷെ കണ്ടെത്താന്‍ വേണ്ടിയുള്ള കളിയാണ് സാറ്റ്. ഇതുപക്ഷെ... വേറെന്തോ കളിപോലെ.

ഒരു പക്ഷെ അവള്‍ക്കെന്നോടുള്ള കൗതുകമെല്ലാം ശമിച്ചൊടുങ്ങിയിരിക്കാം.പതിവു വിശേഷങ്ങളുടെ കൈമാറലുകള്‍ക്കപ്പുറത്ത് ഇനിയൊന്നുമില്ല എന്ന് അവള്‍ക്ക് തോന്നിയിരിക്കാം.എന്നാല്‍ അടക്കിവെച്ചിരുന്ന വെടിമരുന്നിന് തീ കൊളുത്തിയിട്ടാണ് അവള്‍ പോയിരിക്കുന്നത്.ഇനി അവളെ കാണാതെ ഈ നഗരത്തില്‍ നിന്ന് മടങ്ങുകയെന്നാല്‍ വരും നാളുകളില്‍ അത്രയും ഓര്‍ത്ത് നീറി ജീവിക്കുക എന്നാണര്‍ത്ഥം.

അതിന് ഞാനെന്നെ വിട്ടുകൊടുക്കണോ.. ?


ഇനി എന്തായിരിക്കും അവള്‍ക്ക് പറയാനുണ്ടാവുക?
R u der ?
Pls Don't think, I am avoiding you.
നമുക്ക് മുമ്പില്‍ മതിലുകളുണ്ട്. കുടുംബം,മതം, സ്വപ്നങ്ങല്‍,സാമ്പത്തിക അസമത്വം, ആഗ്രഹങ്ങള്‍ അങ്ങിനെയങ്ങിനെ.

ഞാനൊരു തടവുകാരിയാണ് എന്നൊരു തോന്നല്‍ എന്നെ എപ്പോഴും ഭരിച്ചിരിക്കുന്നു.
ഇനി ഒരു നേരിട്ട് കാണല്‍ ആവശ്യമാണോ? അതിനൊക്കെ അപ്പുറത്ത് സ്നേഹത്തിന്‍റെ ഒരു വലയം നമ്മെ പൊതിഞ്ഞു പിടിക്കുന്നില്ലേ? ജാസ്മിന്‍ ഇങ്ങിനെയൊക്കെയാണ് പറയുന്നത്.


അവളില്‍ നിന്ന് എന്തെങ്കിലും കൂടുതല്‍ ലഭിക്കുമെന്ന് എന്ന മോഹമല്ല അവളിലേക്ക് അടുപ്പിക്കുന്നത്. പക്ഷെ ആ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ടാകുന്ന ഒരു വിറയലുണ്ട്.ആ മുഖം ഓര്‍മ്മയില്‍ വരുമ്പോള്‍ മനസ്സിനുണ്ടാകുന്ന ഒരു വിങ്ങലുണ്ട്.അവളോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങളോര്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന ആഹ്ലാദമുണ്ട്.കാലം കഴിയുംതോറും അവ കൂടുതല്‍ തെളിയുകയല്ലാതെ തീരെ മങ്ങുകയേയില്ല.

ജാസ്മിന്‍, ജീവിതത്തിലെ ചില സങ്കടങ്ങളുണ്ട്.മറ്റാരോടും പങ്കുവെക്കാന്‍ കഴിയാത്തത്.പരീക്ഷയില്‍ തോറ്റാല്‍ കൂടുകാരോട് പറയാം, ജോലിയില്‍ തോറ്റാന്‍ സഹചാരിയോട് പറയാം, ജീവിതത്തിലും പ്രണയത്തിലും തോറ്റുപോയാല്‍ അത് നാം ആരോട് പങ്കുവെക്കും?. അത് മനസ്സിലാകുന്ന ഒരേ ഒരാള്‍ മനസുപൂട്ടി ഇരുട്ടിലിരുന്നാല്‍ പിന്നെ നാം എന്തുചെയ്യും? പങ്കുവെക്കപ്പെടാനാകാതെ പോകുന്ന വാക്കുകള്‍ മനസ്സിന്‍റെ ഉള്ളില്‍ കിടന്ന് വല്ലാതെ വിര്‍പ്പ് മുട്ടിക്കുമെന്ന് നിനക്ക് അറിയാത്തതല്ലല്ലോ..
ഒരാളോട് മാത്രം സ്വകാര്യമായി പറയാനുള്ള ചിലത് ഫേസ്ബുക്കിന്‍റെ വാളില്‍ ലോകത്തിനോട് മുഴുവന്‍ പറയേണ്ടിവരുന്നത് നമ്മുടെ ദൗര്‍ഭാഗ്യമോ നിസ്സഹായതയോ...?

ജാസ്മിന്‍, ഒരു ദിവസം നീ എന്നിലേക്ക് നിന്‍റെ സര്‍വ അഭിനിവേശത്തോടെയും മടങ്ങിവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.

വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിക്കട്ടെ.
പ്രത്യാശയുടെ മനുഷ്യനാണ് ഞാന്‍.

മേരാ ജീവന്‍ കോരാ ഖാഗസ് ഖൊരാഹോ രഹ് ഗയാ
ജോ ലിഖാത്ത ആസുനോ സംഗ് ബേഹ് ഗയാ..