Pages

Sunday, March 19, 2017

ഹേയ്.. ഒന്നുമില്ല

ഇല്ല, പ്രത്യേകിച്ചൊന്നുമില്ല
പ്രാര്‍ഥനക്കായി മിഴിയടയുമ്പോള്‍
വഹിക്കുന്നത് നിന്നോര്‍മ്മകളാണെന്ന്
ദൈവത്തിന്‍റെ പരാതി.

ഇല്ല,വേറെ കുഴപ്പമൊന്നുമില്ല,
നിന്നെ കാണുമ്പോള്‍ മാത്രം
ചോര്‍ന്ന് പോകുന്നു ധൈര്യം .

ഇല്ല, എനിക്കൊന്നുമില്ല
രാത്രി കിനാക്കളില്‍ നിന്‍റെ പേര്
വിളിച്ചുറക്കെ കരയുന്നത് ശല്യമാണെന്ന്
സഹമുറിയന്‍റെ പരാതി.

ഇല്ല, പോയിട്ടില്ല
ശീതികരിച്ച ഫ്ളാറ്റിലേക്ക്
ശയനത്തിന് മേനി കിട്ടിയിട്ടും.
ഒന്നുംകൊണ്ടല്ല, സൂക്ഷിച്ചുവെക്കുന്നത്
നാളെയെ സ്വപ്നം കാണുന്നതോണ്ടാവും.


ഇല്ല, അധികം ഇല്ലായ്മയില്ല
നിന്നെത്തേടിയിറങ്ങിയ
പതിനായിരം സന്ദേശങ്ങളൊഴികെ
നാവിന്‍തുമ്പില്‍ അവ കടിച്ചിറക്കി.

ഇല്ല, മതിയാകുന്നില്ല
നിന്നെ കുറിച്ചെഴുതുമ്പോള്‍ -മഷി
ഇനി നിര്‍ത്താനായില്ലെന്ന്
കടലാസുകള്‍ക്ക് പരാതി.

ഇല്ല, വേറെ ആഗ്രഹങ്ങളൊന്നുമില്ല
കല്ലറയില്‍ നെഞ്ചിലേക്ക് എറിയുന്ന മണ്ണില്‍
നിന്‍റെ ഒരു പിടി മണ്ണുണ്ടാവില്ലല്ലോ
എന്നാണ് ആത്മാവിന്‍റെ പരാതി.

(സിറാജ് ഞായറാഴ്ച സപ്ലിമെന്‍റില്‍ 19-3-17 ന് ദുബൈ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്.)
അച്ചടിച്ചത് വായിക്കാന്‍

Thursday, March 9, 2017

ഇങ്ങിനെയൊക്കെയാകും ദിനങ്ങള്‍

രാവിലെ 5 മണിക്കേ അവള്‍ എണീറ്റു കാണും.
അതിന് മുമ്പുള്ള ഇടവേളകളില്‍ വരുന്ന സ്വപ്നങ്ങളില്‍ ഞെട്ടിയുണരാറുണ്ടെന്നത് വേറെകാര്യം.
കിടന്നുറങ്ങുന്ന സഹോദരിയുടെ മോനെ വിളിച്ചുണര്‍ത്തി.
അവന് ചായ ഉണ്ടാക്കി. കഴിക്കാനുള്ള വല്ലതും റെഡിയാക്കി വെച്ചു.
ഓഫീസില്‍ പോകേണ്ട അളിയനും ചായയും പലഹാരവും.
അവളൊഴികെയുള്ളവര്‍ അവരവര്‍ക്കു പോവാനുള്ള സമയം കണക്കാക്കി എഴുന്നേറ്റു വന്നു. കുളിച്ചു. തിന്നു. പോയി. അവളും ഒന്ന് മേല്‍ക്കഴുകി. കഴിച്ചില്ല.കെട്ടിപ്പൊതിഞ്ഞ് ബാഗിലിട്ടു. നേരം വൈകിയതു കൊണ്ട് ബസ്സിലേക്ക് പാഞ്ഞു പോയി.ഇതിനിടയില്‍ അവനൊരു സ്മൈലി അയച്ചു.അല്ലെങ്കില്‍ പിന്നെ അതിനാവും അവന്‍റെ പരാതി.

ബസില്‍ സീറ്റ് കിട്ടിയോ എന്നറിയില്ല.
ഞെക്കി തിരക്കി കുട്ടികളുടെ കലപില ശബ്ദങ്ങള്‍ക്കൊടുവില്‍ സ്കൂളില്‍. തുടങ്ങി,പലരില്‍ നിന്നും നോട്ടം വരുന്നുണ്ട്. പലതും തുളച്ച് വരുന്ന നോട്ടങ്ങള്‍. ബാഗ് ക്യാബിനില്‍ വെക്കും മുമ്പെ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് ഓരോരുത്തര്‍ വരാന്‍ തുടങ്ങി.ദേഷ്യം വരാതെ സംസാരിക്കണം.ഇതിനിടെ കുട്ടികളെ വെല്‍ക്കം ചെയ്യാന്‍ വാതിലിനടുത്ത് നോക്കുകുത്തിയായി നില്‍ക്കണം.കാലുവേദന സഹിക്കാന്‍ വയ്യ. അതൊക്കെ ആര്‍ക്ക് അറിയാം? അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടെന്ത്?. അപ്പോളായിരിക്കും അവന്‍റെ വരവ്. നേരിടാന്‍ വല്ലാത്ത പ്രയാസം. വാതിലിന് പിറകില്‍ ഒളിഞ്ഞു നിന്നു.

ഒരു നിമിഷം മാറി നിന്നാല്‍ ആ കുറ്റം കണ്ടെത്താനും ആളുകളുണ്ടാകും.കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കള്‍.അവരുടെ പെരുമാറ്റം ആരറിയുന്നു. വേദന സഹിക്കാനാവാതെ നില്‍ക്കുമ്പോളും ഊള കമന്‍റുകളുമായി കടന്ന് പോകും പല മാഷന്മാരും. അതൊക്കെ സഹിക്കാം. പോസ്റ്റ് മോര്‍ട്ടം പോലുള്ള നോട്ടമാണ് ഭയാനകം.

അവസാനത്തെ കുട്ടിയും വന്നു.ഇനി ഓട്ടമാണ്.ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്കുള്ള ഓട്ടങ്ങള്‍.ഒന്നിരിക്കാന്‍ ആഗ്രഹിച്ചാല്‍ അപ്പോഴേക്കും അടുത്ത ഫയല്‍ ആവശ്യപ്പെട്ട് ഓരോരുത്തര്‍ വിളിക്കും.അതിനിടെ ക്ലാസ് അലങ്കരിക്കാനുള്ള സാധന സാമഗ്രികളുടെ വിതരണം.അവ ഒരുക്കാന്‍ പോകല്‍, കുട്ടികളെ വരിയാക്കി നിര്‍ത്തല്‍,അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം. ടീച്ചര്‍മാര്‍ക്കുമുണ്ടാകും പല വിധ ആവശ്യങ്ങള്‍.
അതിനിടെ അവന്‍റെ മെസേജ്.അവനവിടെ വെറുതെ ഇരുന്ന് മെസേജ് അയച്ചാല്‍ മതിയല്ലോ... എങ്കിലും രോഷം പുറത്ത് പ്രകടിപ്പിക്കാതെ സ്മൈലി വീണ്ടും. കൊച്ചു വിവരാന്വേഷണവും.വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ പിന്നെ അതിനാവും പരാതി.നിരീക്ഷിക്കാനാണെങ്കില്‍ എവിടെ നോക്കിയാലും ക്യാമറകള്‍.അതിനേക്കാള്‍ കൂടുതല്‍ ആണ്‍കണ്‍ ക്യാമറകള്‍.

സമയം 10.45.
കുട്ടികള്‍ക്ക് പോകാന്‍ സമയമായി.അവരെ യാത്രയാക്കാന്‍ പുറത്തിറങ്ങി നിക്കണം.നില്‍ക്കുക തന്നെ.. നിര്‍ത്തത്തോട് നിര്‍ത്തം.അതു കഴിഞ്ഞ് ക്ലാസ് മുറികളില്‍ നിന്നും മറ്റുള്ള ക്ലാസുകളിലേക്ക് ഓട്ടം.ഓഫീസ്, ഫോട്ടോകോപ്പി,രജിസ്ട്രാര്‍... അങ്ങിനയങ്ങിനെ അതിന്‍റെ ഓട്ടം ദിവസവും കിലോമീറ്ററുകള്‍ താണ്ടുന്നു.കാണുന്നവര്‍ക്ക് എന്ത് പണി ? കിട്ടുന്ന ശംബളമോ... പറയാതിരിക്കുകയാണ് ഭേദം.

ഇതിനിടെയെപ്പോഴോ വീണു കുട്ടുന്ന പന്ത്രണ്ട് മണിയോടടുക്കുന്ന സമയത്താണ് വല്ലതും കഴിക്കുക.കൂട്ടുകാരികളുണ്ടാകും.കൊച്ചു കൊച്ചു വിശേഷങ്ങള്‍ പങ്കുവെക്കാനുള്ള നേരം. അവള്‍ക്ക് എന്താണ് പങ്കുവെക്കാനുള്ളത്. കദന കഥകള്‍ മാത്രം. ആര്‍ക്കാണ് അത് കേള്‍ക്കാന്‍ താത്പ്പര്യം. അല്ലെങ്കില്‍ അവ പങ്ക് വെച്ചിട്ടെന്ത്. എല്ലാം ബഡായിയിലൂടെ സന്തോഷമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില വെര്‍പ്പിക്കല്‍ ശ്രമം നടത്തും.അത് കഴിഞ്ഞ് നിസ്കരിക്കാന്‍ പോകും.
അപ്പോഴാകും ഒന്നിരിക്കാന്‍ സമയം കിട്ടുക. നിന്ന് നിസ്കരിക്കാന്‍ കഴിയാത്തോണ്ട് ഇരുന്ന്. ഇനി അക്കാര്യവും ആരും അറിയേണ്ടെന്ന് കരുതി ആള്‍ കുറഞ്ഞ സമയത്ത് മാത്രം പ്രാര്‍ഥിക്കാന്‍ പോകും.ഏന്തി വലിഞ്ഞാണ് നടത്തം.അതിനെയാണ് അവന്‍ തുമ്പിയെ പിടിക്കാന്‍ പോകുന്നതെന്ന് കളിയാക്കിയത്.അതൊന്നും കാര്യാക്കുന്നില്ല.

എല്ലാവരും ബസ്സിലെത്തി ഇരിക്കുമ്പോഴും ജോലി തീര്‍ന്നുണ്ടാവില്ല.പലവിധ ആവശ്യങ്ങള്‍ക്ക് ഓടിയെത്താനുള്ള ആളാണല്ലോ.. മിക്ക ദിവസങ്ങളിലും ബസ് പുറപ്പെടാന്‍ നേരമാകുമ്പോഴാകും ഓടിയെത്തുക.വഴി വക്കില്‍ നോക്കി നിക്കുന്ന ആളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ടാകും.എങ്കിലും ഇനി അവന് കാണാന്‍ പറ്റിയില്ലല്ലോ എന്ന പരാതി ഒഴിവാക്കാന്‍ ഏതെങ്കിലും വിധേന അങ്ങ് വരും.


ബസ്സില്‍ ഇരിക്കാന്‍ സീറ്റ് ? കിട്ടിയാ കിട്ടി.
എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് ? പല തവണ അവന്‍ ചോദിച്ചിട്ടുണ്ട്.
ദീര്‍ഘമാണ് അതിനുത്തരം.
തിരക്കിലമരുമ്പോള്‍ പലതും മറക്കും.
ഒറ്റക്കായിരിക്കുമ്പോഴാണല്ലോ ഓര്‍മ്മകള്‍ വേട്ടയാടുക.
വീട്ടില്‍ വെറുതെയിരുന്ന് പോയാല്‍ വേഗം കെട്ടിച്ചയക്കും. തുടര്‍ വിദ്യാഭ്യാസ സ്വപ്നം നില്‍ക്കും.ആകെ സങ്കടങ്ങളുടെ പെരുമഴയാകും.അതിനേക്കാള്‍ നല്ലത് കഷ്ടപ്പെട്ടാലും ഈ തിരക്കിലമര്‍ന്ന ജീവിതമായിരിക്കും.സ്ത്രീയായി ഒരിക്കലും പുനര്‍ജനിക്കേണ്ടെന്ന് അവള്‍ക്ക് തോന്നുന്നുണ്ടാകുമോ ?.

വീട്ടിലെത്തുന്നതും ബാഗെല്ലാം ഒരേറു കൊടുത്ത് വേഷം പോലും മാറാതെ ഒറ്റ കിടപ്പാ.. അവളുടെ ഭാഷയില്‍ " ഈത്തപ്പന വെട്ടിയിട്ട പോലെ “. കിടക്കുന്നത് ഓര്‍മ്മയുണ്ടാകും. ക്ഷീണം സഹിക്കാനാവാതെ ആ പൂവ് അങ്ങിനെ തളര്‍ന്നുറങ്ങും. എങ്കിലും എങ്ങിനെയെങ്കിലും ഡാറ്റ തേടി പിടിച്ചോ സഹോദരിയുടെ ഫോണില്‍ നിന്ന് ടെതര്‍ ചെയ്തോ അവന് സന്ദേശം അയക്കാന്‍ നോക്കും.

ഉറക്കം വന്ന് അലട്ടുമ്പോഴും പരമാവധി ടൈപ്പ് ചെയ്ത് നോക്കും. ഒന്നുറങ്ങിയാല്‍ ക്ഷീണം മാറി കിട്ടിയേനേ... എന്ന് ആഗ്രഹിക്കുമ്പോഴാകും അവന്‍റെ ജീവിതത്തെ കുറിച്ചും ഭാവി ആശങ്കകളെ കുറിച്ചും ചിന്തകളും വൃത്തി കെട്ട സാഹിത്യവുമൊക്കെ കടന്നുവരിക. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ പിടിച്ചു നിക്കും.

പിന്നെപ്പോഴോ ഉറക്കില്‍ നിന്നെണീറ്റാണ് എന്തെങ്കിലും കഴിക്കുക.അതുപോലും ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി.. പിന്നെ വീട് ജോലിയോട് ജോലി. ഒരു കയ്യില്‍ മൊബൈലും പിടിച്ച് മറുപടി അയക്കാന്‍ നോക്കും. ഭക്ഷണമുണ്ടാക്കല്‍ മുതല്‍ വീട് ജോലികള്‍ വരെ.

മനം തുറന്ന് ഒന്ന് സംസാരിക്കാന്‍ പോലുമാകില്ല. എവിടെ നോക്കിയാലും നിരീക്ഷിക്കാന്‍ ധാരാളം ചെവികള്‍. ബാത്ത് റൂമില്‍ ടാപ്പ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കും. അവന്‍ ബോറന്‍ കാര്യങ്ങള്‍ ഒരു മണിക്കൂറോളം പറയും. നിന്ന് നിന്ന് കാലു കുഴയും .
എത്തിസലാത്തേ... അവന്‍റെ ബാലന്‍സ് ഒന്ന് തീര്‍ത്ത് തരുമോ എന്ന് പ്രാകിയാല്‍ പോലും കുറ്റന്‍ പറയാനാകില്ല.

ഇതിനിടയിലും വിട്ട് പോകുന്ന ചില കാര്യങ്ങളുണ്ട്.
ഉപ്പാന്‍റെ അസുഖം. ഭാവി പഠന സങ്കീര്‍ണ്ണതകള്‍, ഭാവി കുടുംബ ജീവിതവും ദുരിതങ്ങള്‍, വേട്ടയാടുന്ന അസുഖങ്ങള്‍, സ്വപ്നങ്ങള്‍.
കാല് വേദന അതിന്‍റെ തീവ്രത ഒട്ടും കുറക്കാതെ വേദന പകരുമ്പോഴാകും നടുവേദനയും മറ്റ് ശാരീരിക പ്രകൃതി വേദനകളും കടന്ന് വരിക.ആരോടൊക്കെയോ ദേഷ്യം . പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട.

വല്ലപ്പോഴും പുറത്തേക്ക് പോകാന്‍ കിട്ടുന്ന അവസരങ്ങള്‍.
ജീവിതത്തെ കുറിച്ച് താത്തയുടെ വക ഒരു കെട്ട് ഉപദേശങ്ങള്‍.
എന്തിന് സമ്മര്‍ദ്ദമെന്ന് വേറെ പര്യായപദങ്ങള്‍ കണ്ടെത്തേണ്ടിവരും.

എല്ലാവരെയും ഊട്ടി.. പാത്രങ്ങളെല്ലാം അടുക്കി വെച്ച്... അടുക്കള വൃത്തിയാക്കി ഹലാക്കിന്‍റെ അവിലും കഞ്ഞിയായി വരും. അപ്പോഴും ഉറങ്ങാതെ സഹോദരി മോന്‍. അവന്‍റെ വൃത്തികെട്ട തമാശകള്‍ക്ക് ചിരിച്ച് കൊടുത്തില്ലെങ്കില്‍ അതും പിണക്കമാകും.
ഇനി അവനെ ഉറക്കണം.
ഫോണ്‍ കാത്തിരിക്കുന്നുണ്ടാകും.

അവന്‍ തുടങ്ങും.
പരാതികളുടെ ഭാണ്ഡങ്ങള്‍.
സങ്കടങ്ങളുടെ പെരുമഴക്കാലങ്ങള്‍.
അതിനേക്കാളാറെ ഉത്തരം കിട്ടാത്ത ജീവിത സങ്കീര്‍ണ്ണതകള്‍.

എല്ലാം കേള്‍ക്കും.
എല്ലായിപ്പോഴും നിസ്സാഹയത.

ദേവത്തോട് പരാതി പറയും. ദൈവമേ... ഞാന്‍ എന്ത് ചെയ്തിട്ടാ....
ഞാന്‍ കാരണമാണല്ലോ അവന്‍ കണ്ണ് നിറക്കുന്നത് …. “

അവള്‍ ജീവിതത്തെ ശപിക്കാറുണ്ടോ ? ഉണ്ടായാലും എങ്ങിനെ കുറ്റം പറയാനാകും.? വല്ലപ്പോഴും ദേഷ്യം പിടിക്കും. എന്നെങ്കിലും സന്തോഷം കണ്ടെത്താനാകുമോ എന്നൊക്കെ ആലോചിക്കും. ചോദിക്കും.

എന്ത് പറഞ്ഞാലും ഹേയ്....... അതൊന്നും കാര്യായിട്ടോന്നൂല്ല എന്ന് പറയും.
അല്ലെങ്കിലും എന്താണ് കാര്യാക്കാറുള്ളത്.?ഒന്നൂല്ല.
ഹേയ്... കാര്യായിട്ടോന്നൂല്ല.

എല്ലാം സഹിക്കുക തന്നെ.

എന്തുകൊണ്ടാണ് അവള്‍ പറയാത്തത്?
പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതിയത് കൊണ്ട് തന്നെ..
മാതാപിതാക്കളോടുള്ള അനുസരണക്കേടാകുമെന്നും ദൈവ കോപമുണ്ടാകുമെന്നും കരുതി ആഗ്രഹങ്ങളില്‍ പലതും അടക്കിപിടിച്ച് മുഖം പൊത്തി കരയല്‍,
വിധിയാണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിക്കല്‍,
ചിലപ്പോള്‍ ഉള്ളില്‍ കരഞ്ഞ് പുറത്ത് ചിരിച്ച് നടക്കല്‍.. എത്രകാലമെന്ന് വെച്ചിട്ടാണ് ഈ മേഘം ജലകണങ്ങളെ താങ്ങി നിര്‍ത്തുക. അത് ചിലപ്പോള്‍ പെരുമഴയായി പെയ്യും.

രിക്കല്‍ ടെന്നീസന്‍റെ കവിതയിലെ ചില വരികള്‍ അവന് വേണ്ടി അയച്ചു.

All her maidens, watching, said
She must weep or she will die

Then they praised him, soft and low,
Called him worthy to be loved,
Truest friend and noblest foe;
 Yet she neither spoke nor moved.