( മഞ്ചേരി സഹൃദയയുടെ ഒമ്പാതാമത് സാഹിത്യ ക്യാമ്പ് ജനുവരി 13-ാം തിയത് രാത്രി ഏഴ്മണിക്ക് വായ്പ്പാറപ്പടി ജിഎല്‍പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് വയലാര്‍ അവാര്‍ഡ് ജേതാവും , പ്രശസ്ത സാഹിത്യകാരനുമായ കെപി.രാമനുണ്ണി നടത്തിയ പ്രഭാഷണത്തിന്റെ പ്രധാന ഭാഗങ്ങള്‍ )
മറ്റു സംസ്ഥാനങ്ങളേക്കാള്‍ എഴുത്തുകാരന് ചെവി കൊടുക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. എഴുത്തിനും, ഭാഷക്കും നാം നല്‍കുന്ന പ്രധാന്യമാണിത് സൂചിപ്പിക്കുന്നത്. എഴുത്തുകാരനെ ബഹുമാനിക്കലും, കൃതികള്‍ വായിക്കലും അങ്ങിനെപോകുന്നു ആ ബഹുമാനം.
ആധുനിക സംസ്‌കൃതി ഇന്ന് ഭാഷക്കും, സാഹിത്യത്തിനും പരുക്കേല്‍പ്പിച്ച്‌കൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതയോ, മുസ്്‌ലിം ഭീകരതയോ ഹിന്ദു ഭീകരതയോ അല്ല ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത് അധുനിക സംസ്‌കൃതിയായ മുതലാളിത്തത്തിന്റെ കടന്നുകയറ്റമാണ് എന്ന ആഷിശ് നന്ദിയുടെ അഭിപ്രായമാണ് എന്റേതും.
അധികാരത്തിന്റെ ഭാഷയുടെ കടന്നുകറ്റമാണ് ഇന്ന് വ്യാപകമായി സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. ഈ കയ്യേറ്റമാണ് ഭാഷകള്‍ മരിക്കുന്നതിന് കാരണമാകുന്നത്. ഇംഗ്ലീഷിന്റെ രാഷ്ട്രീയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.മലയാള ഭാഷയുടേതായ സമ്പന്നതയും ഇന്ന് നശിച്ച്‌കൊണ്ടിരിക്കുന്നു.
സമൂഹം ഏറെ മാറികൊണ്ടിരിക്കുന്നു. ടെക്‌നോളജിസ്റ്റുകളെയാണ് സമൂഹത്തിന് വേണ്ടതെന്ന തെറ്റായ മുന്‍ഗണന നല്‍കുന്ന പ്രശ്‌നമാണ് ഇന്ന് നേരിട്ട്‌കൊണ്ടിരിക്കുന്നത്. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ സൗകര്യങ്ങള്‍ ഏറെയാണ്. എന്നാല്‍ മനുഷ്യജീവിതത്തില്‍ ഇന്ന് സ്വസ്ഥയില്ല. സ്വസ്ഥത നല്‍കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിയുന്നുമില്ല.ആര്‍ക്കും സമാധാനവും, സന്തോഷവും ഇന്നില്ല.
ഫ്യൂഡല്‍ വ്യവസ്ഥിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നപ്പോഴും അ്ന്ന് ജനതക്ക് അല്‍പ്പമെങ്കിലും സമാധാനം കിട്ടിയിരുന്നു.എന്നാല്‍ ഇന്ന് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്ന വലിയ വലിയ കമ്പനികളുടെ സിഇഒ മാര്‍ പോലും സമാധാനമില്ലാതെയാണ് കഴിയുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തേക്കാള്‍ കൂടുതല്‍ മണിക്കൂറുകള്‍ തൊഴില്‍ ചെയ്‌തെങ്കില്‍ മാത്രമെ ജോലിപോലും നിലനിര്‍ത്താന്‍ പറ്റൂ എന്ന ഗതി വന്നിരിക്കുന്നു. ഇവിടെയാണ് സാഹിത്യത്തിന്റെ കുറവ് അനുഭവപ്പെടുന്നത്.
സാഹിത്യം കച്ചവടവല്‍ക്കരിക്കപ്പെട്ട കാലമാണിന്ന്. വിമാനത്തിന്റെ സമയക്രമത്തിന് അനുസരിച്ച് വായിച്ചു തീരാന്‍ പറ്റും വിധം നോവല്‍ രചിക്കുകയും, അത് കഴിഞ്ഞാല്‍ ഡെസ്റ്റ്ബിനില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഉപഭോഗ സംസ്‌കൃതിക്ക് ഉതകുന്ന സൃഷ്ടികള്‍ സാഹിത്യ രംഗത്തും പടച്ചുവരുന്നു. ചേതന്‍ ഭഗതിനെപോലെയുള്ള ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തിനോട് എനിക്ക് യോജിപ്പില്ല.പ്രസാധകന്‍ പറയുന്നതിന് അനുസരിച്ച് കൃതികള്‍ രചിക്കുന്ന സാഹിത്യകാരന്മാരും ഇവിടെ കഴിഞ്ഞ്‌പോകുന്നു.
ബ്ലോഗ് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളോട് ആദ്യകാലത്ത് മുഖം തിരിഞ്ഞ ഒരാളായിരുന്നു ഞാന്‍. എന്നാല്‍ 'ജീവിതത്തിന്റെ പുസ്തകം ' എന്ന എന്റെ അവസാനത്തെ പുസ്തകം രചിച്ചതോടെ ഞാന്‍ ആ മനോഭാവം മാറിയിരിക്കുന്നു. ലോകത്ത് വലിയ വിപ്ലവങ്ങളുണ്ടാക്കാന്‍ ഇവക്ക് സാധിക്കുന്നു എന്നത് അറബ് രാജ്യങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണെങ്കിലും ഇവ ഉപയോഗിച്ചുതന്നെ മുതലാളിത്തതിനെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം.
എഴുത്തില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ടായിരിക്കണം. എന്‍ എസ് മാധവന്റെ ' തിരുത്ത് ' രാഷ്ട്രീയ എഴുത്തിന്റെ ഏറ്റവും നല്ല ഉദാഹരമാണ്. ആക്ടിവിസമാണ് ഞാനുദ്ദേശിച്ചത്. ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നത്തോടുള്ള പ്രതികരണമെന്ന നിലക്കാണ് എഴുത്തില്‍ ഉണ്ടാകേണ്ടത്. എഴുത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. അല്ലാതെ കഥയും, കവിതയും കേവലം പ്രസിദ്ധീകരിക്കുക എന്നതുമാത്രമാകരുത് ലക്ഷ്യം.
എഴുത്തിനെ നവീകരിക്കാനുതകുന്ന പ്രക്രിയകള്‍ ആദ്യ കാലത്ത് ഏറെ കണ്ടിരുന്നു. എന്നാല്‍ പുതിയ എഴുത്തില്‍ ഗൗരവം കുറഞ്ഞുപോകുന്നുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഭാഷാപരമായുള്ള ആഖ്യാന ശൈലി ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ട്‌പോയിരിക്കുന്നു. ജേര്‍ണലിസത്തിലെ ആഖ്യാന ശൈലിയും കഥയുടെ ആഖ്യാനവും പരസ്പരം അറിയാതെയാണ് ഇന്ന് പലരും എഴുതികൊണ്ടിരിക്കുന്നത്. അസാ്‌നിധ്യത്തിലുള്ള ജനതയെ രംഗത്ത് കൊണ്ടുവരേണ്ടത് എഴുത്താണ്.
(പൂര്‍ണ്ണമായുള്ള ഒരു കേട്ടെഴുത്തല്ല ഇത്. കുറിച്ചെടുത്ത് പ്രസംഗ ഭാഗങ്ങള്‍ മാത്രമാണിത് )